ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതി; മലയാളി യുവതിക്കെതിരെ കേസെടുത്തു

ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്‌മെന്‍റില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളമിട്ടിരുന്നു

Update: 2024-09-24 06:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ഓണപ്പൂക്കളം അലങ്കോലമാക്കിയെന്ന പരാതിയില്‍ പത്തനംതിട്ട സ്വദേശിനി സിമി നായര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു തന്നിസന്ദ്ര അപ്പാര്‍ട്‌മെന്‍റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്‌മെന്‍റില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളമിട്ടിരുന്നു. ഈ പൂക്കളമാണ് സിമി നശിപ്പിച്ചത്.

രാവിലെ കുട്ടികള്‍ പൂക്കളം പൂര്‍ത്തിയാക്കിയതിന് പിന്നാലെ യുവതി ധാര്‍ഷ്ട്യത്തോടെ അത് നശിപ്പിക്കുകയായിരുന്നു. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്‍റ് മനീഷ് രാജ് പറഞ്ഞു. ഏഴ് വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.

ഓണാഘോഷത്തിന്‍റെ സംഘാടകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം പൂക്കളം നശിപ്പിക്കുകയായിരുന്നു. ഫ്ലാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നത് തുടരുകയായിരുന്നു. ബൈലോ പ്രകാരം ഇവിടെ ഇടാന്‍ പാടില്ലെന്ന കാര്യമാണ് പൂക്കളം നശിപ്പിച്ച യുവതി വീഡിയോയില്‍ പറയുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News