പത്തനംതിട്ട പോക്സോ കേസ്: പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതായി പൊലീസ്
കേസിൽ ഇതുവരെ 28 പേർ അറസ്റ്റിലായിട്ടുണ്ട്
പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഇരയായ പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൂട്ടബലാത്സംഗത്തിനിരയായെന്ന് പോലീസ് വ്യക്തമാക്കി. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ നാല് പ്രതികളാണുള്ളത്. നേരത്തെ 62 പേർ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് കാർ നിർത്തിയിട്ടും പീഡിപ്പിച്ചു. ബസ്റ്റാൻറിന് സമീപത്തെ പൂട്ടിയിട്ട കടയിൽ വെച്ചു രണ്ടുപേർ പീഡിപ്പിച്ചു. പെൺകുട്ടി പ്രതികളിൽ പലരെയും പരിചയപ്പെടുന്നത് പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണെന്നും പോലീസ് വ്യക്തമാക്കി.
കേസിൽ ഇതുവരെ 28 പേർ അറസ്റ്റിലായിട്ടുണ്ട്. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നടത്തിയവരും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് അഞ്ച് കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.
കേസിൽ പുതിയ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് അന്വേഷണ സംഘത്തെ നയിക്കുക. പത്തനംതിട്ട എസ്പി വി.ജി വിനോദ് കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ അടക്കം 25 അംഗ സംഘമാണ് രൂപീകരിച്ചത്. ഡിവൈഎസ്പി നന്ദകുമാറാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ.