കൈതോലപ്പായയിൽ കാര്യമില്ല, ശക്തിധരന്റെ ആരോപണങ്ങളിൽ തെളിവില്ലെന്ന് പൊലീസ്
സി പി എം നേതാക്കൾ പണം വാങ്ങിയെന്ന് പരാതിക്കാരൻ ബെന്നി ബെഹ്നാനും തെളിയിക്കാനായില്ല. തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: കൈതോലപ്പായയിൽ സി.പി.എം ഉന്നതൻ പണം കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്. താൻ ഒരു പാർട്ടിയുടെയോ നേതാവിന്റെയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പറഞ്ഞിട്ടുണ്ട്. സി പി എം നേതാക്കൾ പണം വാങ്ങിയെന്ന് പരാതിക്കാരൻ ബെന്നി ബെഹ്നാനും തെളിയിക്കാനായില്ല
ശക്തിധരനും പരാതിക്കാരനായ ബെന്നി ബെഹ്ന്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല. തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ സിപിഎം നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സി.പി.എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയ പണം പാര്‍ട്ടി കണക്കിലില്ലെന്നും ജി.ശക്തിധരന്‍ ആരോപിച്ചു. കവറിൽ പാർട്ടി ആസ്ഥാനത്ത് എത്തിച്ച 10 ലക്ഷം രൂപയ്ക്ക് കണക്കുണ്ട്. പണം നൽകിയത് ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന ശതകോടീശ്വനായ വ്യവസായിയാണ്. പാർട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവിൽ നിന്നാണ് വിവരം കിട്ടിയതെന്നും ജി.ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ശക്തിധരന്റെ ആരോപണം അന്വേഷിക്കണമെന്ന് സിപിഎം ഉന്നതൻ ആരാണന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം. പി പോലീസിൽ പരാതി നൽകിയിരുന്നു. കൈതോലപ്പായയിൽ പണം കടത്തിയത് മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.