'ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ' എന്ന് കോളജ്, അല്ലെന്ന് വിദ്യ; ഫോൺ സംഭാഷണം പരിശോധിക്കാൻ പൊലീസ്

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളജ് അധികൃതർ വിദ്യയെ വിളിച്ചപ്പോഴുള്ള സംഭാഷണമാണ് പരിശോധിക്കുന്നത്

Update: 2023-06-13 08:06 GMT
Advertising

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യയും അട്ടപ്പാടി കോളജ് അധികൃതരുമായുള്ള ഫോൺ സംഭഷണം പൊലീസ് പരിശോധിക്കുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളജ് അധികൃതർ വിദ്യയെ വിളിച്ചപ്പോഴുള്ള സംഭാഷണമാണ് പരിശോധിക്കുന്നത്. ഇത് വ്യാജ സർട്ടിഫിക്കല്ലേ എന്ന ചോദ്യത്തിന് 'അല്ല' എന്നും നിങ്ങളോട് ഇതാരാണ് പറഞ്ഞത് എന്നുമായിരുന്നു വിദ്യയുടെ ചോദ്യം. മഹാരാജാസ് കോളജ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് എന്ന മറുപടിയിൽ താൻ അന്വേഷിക്കട്ടെ എന്നു പറഞ്ഞ് വിദ്യ ഫോൺ വെക്കുകയായിരുന്നു. പിന്നീട് ആ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അട്ടപ്പാടി കോളജ് അധികൃതർ പറഞ്ഞു.

അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പല്‍, അധ്യാപകരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിൽ വ്യക്തത വരുത്താൻ രഹസ്യമൊഴി എടുക്കണമെന്നാണ് പൊലീസ് നിലപാട്. പാലക്കാട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് തന്നെ രഹസ്യമൊഴി എടുക്കാൻ അഗളി സി.ഐ അപേക്ഷ നൽകും.

അതേസമയം വിദ്യ ഒളിവിൽ തന്നെ തുടരുകയാണ്. നാല് സംഘങ്ങളായി വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വാദം. ഇന്നലെ കോളജിൽ പൊലീസ് നടത്തിയ പരിശോധനയിൽ കെ. വിദ്യ കോളജിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജൂൺ രണ്ടിന് കോളജിൽ എത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കോളജിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ 12 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലെ ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലടി സംസ്കൃത സർവകലാശലയിലേക്ക് മാർച്ച് നടത്തി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News