സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസ്: ഷാജ് കിരണിനെ ചോദ്യംചെയ്യും

ചെന്നൈയിലാണെന്നും രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്നും ഷാജ് മറുപടി നല്‍കി

Update: 2022-06-12 03:07 GMT
Advertising

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുന്‍ എം.എല്‍.എ പി സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസില്‍ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണിനെ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചു. ചെന്നൈയിലാണെന്നും രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്നും ഷാജ് മറുപടി നല്‍കി. ഗൂഢാലോചന കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനു ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്‍റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താന്‍ വീഡിയോ പുറത്തുവിടുമെന്നു ഷാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ വീഡിയോ ഫോണില്‍നിന്ന് മാഞ്ഞുപോയതിനാല്‍ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് പറയുന്നത്.

ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെയാണ്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേർക്കേണ്ടവർ തുടങ്ങിയ കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കും. കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നാളെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നാളെ അപേക്ഷയും സമർപ്പിക്കും.

ഗൂഢാലോചനാ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിക്കും മുമ്പ് പരമാവധി തെളിവ് ശേഖരണമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. പി.എസ് സരിത്, ഷാജ് കിരൺ, ഇബ്രാഹിം എന്നിവരെ പ്രതി ചേർക്കുന്നതിലും സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം ആരംഭിക്കും. സ്വപ്ന ഫോൺ റെക്കോർഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ച ശേഷമാകും ഷാജ് കിരണിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News