കെ.എസ്.യു പ്രവര്‍ത്തകക്ക് എതിരായ പൊലീസ് അതിക്രമം; പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി
കളമശ്ശേരി സി.ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിച്ചു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ.എസ്.യു നേതാവ് മിവ ജോളിയോട് പൊലീസ് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. കെ.എസ്.യു നേതാവിനെ മർദിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
സംഭവത്തിൽ കളമശ്ശേരി സി.ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി ഡി.സി.പി നിർദേശിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെയാണ് വനിതാ പ്രവർത്തകയായ മിവ ജോളിയെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവസമയത്ത് കളമശ്ശേരി സി.ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിച്ചു.
'മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്ര്‌സ് പ്രവർത്തകർക്കൊപ്പം ഞാനും കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. എന്നാൽ ആ സമയം അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് എന്നെ പിടിച്ചുമാറ്റാൻ എത്തിയത്. എന്റെ കോളറിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് വൈകിയാണെങ്കിലും വനിതാ പൊലീസ് എത്തി. എന്നിട്ടും സി.ഐ അനാവശ്യമയി ഇടപെടുകയും തല പിടിച്ചമർത്തി മുടിയിൽ പിടിച്ച് വലിച്ചു. പിന്നീട് തലയിൽ പിടിച്ച് അമർത്തിയാണ് വാഹനത്തിലേക്ക് കയറ്റിയത്''. മിവ ജോളി പറഞ്ഞു