ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട പൊലീസുകാരെ സ്ഥലം മാറ്റി
തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്കും ഡ്രൈവർക്കുമെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ടതിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്കും ഡ്രൈവർക്കുമെതിരെ നടപടി.
എസ്.ഐമാരായ എസ്.അസീം, എം.അഭിലാഷ്, എം.മിഥുൻ എന്നിവർക്കെതിരെയാണ് സ്ഥലം മാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും ഏർപ്പെടുത്തിയത്. രണ്ട് എസ്.ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആർ ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്.
ചൊവ്വാഴ്ചയാണ് വാഹനപരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐയുടെ വഞ്ചിയൂർ ബ്ലോക്ക് ട്രഷറായിട്ടുള്ള എം.നിതീഷ് ഹെൽമറ്റ് ധരിക്കാതെ എത്തിയത്. ഗതാഗതനിയമം ലംഘിച്ചത് പിഴയൊടുക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.താൻ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെയാണെന്നും അത്യാവശ്യമായി ഒരിടത്തേക്ക് പോകണമെന്നും നിതീഷ് പറഞ്ഞു. എന്നാൽ പിഴ ഒടുക്കണമെന്ന് പൊലീസ് നിർബന്ധിച്ചു.ഇത് വാക്കേറ്റത്തിലും സംഘർഷത്തിലേക്കും കടന്നു. പിഴയിട്ടതിന് പിന്നാലെ പൊലീസുകാർ മണൽ മാഫിയൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്ഐ നേതാവ് എം.നിതീഷ് പരാതി നൽകിയിരുന്നു.
തുടർന്ന് നിതീഷ് സ്ഥലത്ത് നിന്ന് പോകുകയും വൈകിട്ട് സി.പി.എം പ്രവർത്തകരെ കൂട്ടി പേട്ട സ്റ്റേഷനിലെത്തി. ഇവിടെ വെച്ച് എസ്.ഐമാർ സഞ്ചരിച്ച ജീപ്പ് തടയുകയും പൊലീസുകാരുമായി വാക്കേറ്റവും നടന്നു. സംഘർഷം കനത്തതോടെ ലാത്തി വീശിയാണ് സി.പി.എം പ്രവർത്തകരെ പൊലീസ് ഓടിച്ചത്. തുടര്‍ന്ന് വി.ജോയ് എം.എല്‍.എയും പൊലീസ് സ്റ്റേഷനിലെത്തി. അതേസമയം, സി.പി.എം പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷനിലെത്തി അക്രമം നടത്തിയത് ആസൂത്രിതമാണെന്ന സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.