സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
2013ലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം
രാഷ്ട്രീയ പാർട്ടികൾക്കു കീഴിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടെന്ന് ഹൈക്കോടതി. പാർട്ടിയിൽ തൊഴിലുടമ-തൊഴിലാളി ബന്ധമില്ലാത്തതിനാൽ, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമമനുസരിച്ച് ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
സെന്റർ ഫോർ കോൺസ്റ്റിറ്റിറ്റിയൂഷനൽ റൈറ്റ്സ് റിസർച്ച് ആൻഡ് അഡ്വക്കസി(സിസിആർഎ) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. നിയമത്തിൽ നിർവചിച്ചതുപോലെ രാഷ്ട്രീയപാർട്ടികൾക്കകത്ത് 'തൊഴിൽസ്ഥലം' എന്നൊന്ന് നിലവിലില്ല. അതിനാൽ 2013ലെ നിയമപ്രകാരം ആഭ്യന്തര പരാതി കമ്മിറ്റി ഉണ്ടാക്കാൻ ബാധ്യതയില്ല.
പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ആഭ്യന്തര പരാതി സമിതി വേണമെന്നായിരുന്നു പ്രധാന വാദം. നിയമം നിലവിൽവന്നിട്ടും പാർട്ടികളിൽ അത് തത്വത്തിലോ പ്രയോഗത്തിലോ വന്നിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണെന്നും നിയമം അനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും സി.സി.ആർ.എയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. പ്രതികരിക്കുന്ന അസോസിയേഷനുകളിലെ അംഗങ്ങൾക്ക് ലൈംഗികാതിക്രമത്തിനെതിരായ പരാതി പരിഹാര സംവിധാനമില്ലാത്തത് ഇന്ത്യൻ ഭരണഘടനയുടെ 14, 15, 19, 21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്നുമായിരുന്നു വാദം.
Summary: Political parties should not form internal grievance redressal committees for violence against women cases, says Kerala High Court