''ഞങ്ങളെ അമ്പൂക്കാനെ വിട്ടു തരൂ''; സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല

ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്

Update: 2021-08-20 14:18 GMT
Editor : ijas
Advertising

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് 'പൊങ്കാല'. ''ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ'', ''ഞങ്ങളെ അൻവർക്കാനെ വിട്ടു തരൂ, Where's our PV anvar'', ''അമ്പർക്കാനെ തിരികെ കയറ്റി വിടൂ..'' എന്നിങ്ങനെയാണ് പരിഹാസ കമന്‍റുകള്‍. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്‍റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ 'ജപ്പാനിൽ മഴ പെയ്യുന്നത് കേരളത്തിലെ കാർമേഘം കൊണ്ട്' എന്നിങ്ങനെയുള്ള കാര്യങ്ങളും പരിഹാസ രൂപേണ കമന്‍റുകളിലുണ്ട്.




ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല, സ്വിച്ച്ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതെ സമയം എം.എല്‍.എ മണ്ഡലത്തില്‍ ലഭ്യമല്ലെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം ബുദ്ധിമുട്ടില്ലെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒരു പി.എയും രണ്ട് അഡീഷണല്‍ പി.എയും നാലോളം സ്റ്റാഫുകളും എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി അറിയിച്ചു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും സഭയില്‍ എം.എല്‍.എയെ പ്രതിനിധീകരിച്ചു 60ഓളം ചോദ്യങ്ങള്‍ ഇ മെയില്‍ വഴി ചോദിച്ചതായും മറ്റുള്ളവരുമായി ചേര്‍ന്ന് 80ഓളം ചോദ്യങ്ങള്‍ ചോദിച്ചതായും എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News