'ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലും പൂജ നടത്തി'; അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ച് എ.ഇ.ഒ

പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെയാണെന്നും ഇവർ നിർദേശം നൽകിയിട്ടും പൂജ നിർത്താതെ തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

Update: 2024-02-14 11:04 GMT
Advertising

കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ സ്കൂളിലെ പൂജയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ച് എ.ഇ.ഒ. പൂജ ചട്ടലംഘനമാണെന്നാണ് എ.ഇ.ഒയുടെ റിപ്പോർട്ട്‌. റിപ്പോർട്ടിൽ സ്കൂൾ മാനേജർക്കെതിരെയും പരാമർശമുണ്ട്. പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെയാണെന്നും പ്രധാന അധ്യാപിക നിർദേശം നൽകിയിട്ടും പൂജ നിർത്താതെ തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

രാത്രി സമയത്ത് സ്കൂൾ തുറന്ന് ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലുമായി പൂജ നടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പ്രധാന അധ്യാപിക ഇടപെട്ടത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമായിരുന്നു പ്രാഥമിക അന്വേഷണം.

ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളിൽ പൂജ നടത്തിയത്. സ്‌കൂൾ മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവർത്തകർ രാത്രി പൂജ നടത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂളിന് സമീപം കാറുകളടക്കമുള്ള വാഹനങ്ങൾ കണ്ട് നാട്ടുകാർ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം പുറത്തുവന്നത്. തുടർന്ന് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂജ തടഞ്ഞു. ഇതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധത്തെത്തുടർന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയ്ഡഡ് സ്‌കൂൾ മാനേജരും ബിജെപി പ്രവർത്തകനാണ്.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ പ്രധാനധ്യാപികയോട് ഡിഡിഇ റിപ്പോർട്ട് തേടി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News