മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്; സംഘര്‍ഷം
പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി. പൊലീസിന്‍റെ പ്രതിരോധം പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രദേശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു. പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
രാവിലെ 11 മണിയോടെ കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങിയ മാർച്ചാണ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണെന്ന് എന്നാരോപിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവർത്തകര്‍ മാർച്ചിൽ പങ്കെടുക്കാനെത്തി.