'കോടതി ഗ്രൂപ്പില്‍ അശ്ലീല വീഡിയോകളും ഫോട്ടോയും'; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വനിതാ ജീവനക്കാരികള്‍ അയച്ച പരാതി കത്ത് അബദ്ധത്തില്‍ പുറത്ത്

അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച വ്യക്തി മുഖ്യമന്ത്രിയുടെ നാട്ടുകാരനും ഇടത് അനുകൂല സംഘടനയുടെ സജീവ പ്രവര്‍ത്തകനുമാണെന്ന് വനിതാ ജീവനക്കാര്‍

Update: 2021-12-09 17:25 GMT
Editor : ijas
Advertising

കോടതി ഗ്രൂപ്പില്‍ അശ്ലീല വീഡിയോകളും ഫോട്ടോയും അയച്ചതില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വനിതാ ജീവനക്കാരികളുടെ പരാതി കത്ത്. തലശ്ശേരി ജുഡീഷ്യല്‍ ജില്ലാ കോടതിയിലെ പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ഒരു കൂട്ടം വനിതാ ജീവനക്കാരികളാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ഹൈക്കോടതിക്ക് അയച്ച കത്ത് മറ്റൊരു വിവരാവകാശ രേഖയുടെ കൂടെ അബദ്ധത്തില്‍ പുറത്തുവരികയായിരുന്നു. മറ്റൊരു വിവരാവകാശ രേഖ ചോദിച്ചുള്ള ചോദ്യത്തിന് കൂടെയുള്ള മറുപടി കത്തിലാണ് അബദ്ധത്തില്‍ വനിതാ ജീവനക്കാരുടെ പഴയ പരാതി കത്ത് ഉള്‍പ്പെട്ടത്. വനിതാ ജീവനക്കാരികള്‍ ഹൈക്കോടതി രജിസ്ട്രാറിന് നല്‍കിയ പരാതിയാണ് ഇങ്ങനെ പുറത്തുവന്നത്.

2017 മാര്‍ച്ച് 20ന് ഉച്ചക്ക് ഓഫീസ് പ്രവൃത്തി സമയത്ത് 'തലശ്ശേരി സിവില്‍ കോടതി' എന്ന വനിതാ ജീവനക്കാരികളും മറ്റും അംഗങ്ങളും ഉള്‍പ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ 20ന് മുകളില്‍ അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചതായാണ് പരാതി. ഈ സംഭവം വനിതാ ജീവനക്കാരികളായ പലരുടെയും ദാമ്പത്യ ജീവിതത്തില്‍ തീരാകളങ്കം സൃഷ്ടിച്ചതായും ഭര്‍ത്താക്കന്‍മാര്‍ക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഈ സംഭവത്തോടെ തങ്ങള്‍ക്ക് കുട്ടികളുടെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായതായും വീട്ടിലെ സമാധാന അന്തരീക്ഷം പാടേ തകരുകയും മനസമാധാനത്തോടെ ജോലിക്ക് വരാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ടായതായും പരാതിയില്‍ വ്യക്തമാക്കി. ഈ സംഭവത്തോടെ പലരും ആത്മഹത്യയെപ്പറ്റി പോലും ചിന്തിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച വ്യക്തി മുഖ്യമന്ത്രിയുടെ നാട്ടുകാരനും ഇടത് അനുകൂല സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായ കൂത്തുപറമ്പ് മുന്‍സിഫ് കോടതിയിലെ പ്രോസസ് സര്‍വ്വര്‍ സുധീശ് കുമാര്‍ പയ്യമ്പള്ളി എന്നയാള്‍ക്കെതിരെ പേര് വെച്ച് പരാതി നല്‍കാന്‍ ഭയമാണെന്നും വനിതാ ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. പരാതി നല്‍കുന്നതിനെ സംബന്ധിച്ച് സൂചിപ്പിച്ചപ്പോള്‍ 'എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല'' എന്ന് വെല്ലുവിളി നടത്തിയതായും പരാതിയില്‍ പറയുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ച വ്യക്തിയുടെ പേര് വെളിപ്പടുത്തിയാല്‍ തങ്ങള്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യാനും സ്വത്തിനും ജീവനും ഭീഷണിയുണ്ടാവുമെന്ന് ഭയക്കുന്നതായും കണ്ണൂര്‍ ജില്ലയിലെ അവസ്ഥയിതാണെന്നും ജീവനക്കാരികള്‍ പറഞ്ഞു.

പ്രതിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് 'ഒരു കൂട്ടം പേര് വെളിപ്പെടുത്താന്‍ ഭയപ്പടുന്ന വനിതാ ജീവനക്കാരികള്‍' പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ച് 23നാണ് പരാതി കത്തായി ഹൈക്കോടതിയിലേക്ക് അയക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News