കോഴിക്കോട് കുഴഞ്ഞുവീണ് മരിച്ചയാൾക്ക് പോസ്റ്റ്മോർട്ടം നിഷേധിച്ചെന്ന് പരാതി
തങ്ങൾക്ക് വേറെ റിട്ടയർമെന്റ് പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നായിരുന്നു ഡോക്ടറുടെ വാദം.
കോഴിക്കോട്: കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ വിസമ്മതിച്ചതായി പരാതി. കൊല്ലംചിറ സ്വദേശി ജിനീഷിൻ്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ചത്. ഇതേ തുടർന്ന് ഡോക്ടർമാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് ഓട്ടോ ഡ്രൈവറായ കൊല്ലംചിറ സ്വദേശി ജിനീഷ് കുഴഞ്ഞുവീണത്. തുടർന്ന് ഓട്ടോ ഡ്രൈവർമാർ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജിനേഷ് മരിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവില്ലെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിക്കുകയായിരുന്നു.
തങ്ങൾക്ക് വേറെ റിട്ടയർമെന്റ് പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നും അതിനാൽ പോസ്റ്റ്‌മോർട്ടം നടത്താനാവില്ലെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ്‌ക്കൊള്ളൂ എന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. ഇതോടെയാണ് നാട്ടുകാരിൽ നിന്നും വലിയ പ്രതിഷേധമുണ്ടായത്.
ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസും സ്ഥലത്തെത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫ് എന്ന ഡോക്ടറാണ് പോസ്റ്റ്‌മോർട്ടം ചെയ്യാനാവില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.