പി.പി.ഇ കിറ്റ് കൊള്ള മുഖ്യമന്ത്രി അറിഞ്ഞുതന്നെ; മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് സർക്കാർ അനുമതിയോടെയെന്ന് രേഖകൾ
വിപണിവിലയുടെ മൂന്നിരട്ടി നൽകി പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിക്കു പുറമെ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറും അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസകും അറിഞ്ഞിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം: കോവിഡിന്റെ തുടക്കത്തിൽ വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകൾ പുറത്ത്. 446 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽനിന്ന് പർച്ചേസ് നടത്തിയതിന്റെ പിറ്റേ ദിവസമാണ് സാൻഫാർമയെന്ന സ്ഥാപനത്തിൽനിന്ന് 1,550 രൂപയ്ക്ക് കിറ്റുകൾ വാങ്ങിയത്.
മുഖ്യമന്ത്രിക്കു പുറമെ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെയും അറിവോടെയും അനുമതിയോടെയുമായിരുന്നു ഇതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. രേഖകൾ മീഡിയവണിനു ലഭിച്ചിട്ടുണ്ട്.
നടന്നത് കോവിഡ് കൊള്ളയോ?
2020 മാർച്ച് 30നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽനിന്ന് സംസ്ഥാന സർക്കാരിനു വേണ്ടി 50,000 പി.പി.ഇ കിറ്റുകൾ വാങ്ങിയത്. എന്നാൽ, ഇതിന്റെ തലേദിവസം 29-ാം തിയതി കൊച്ചി ആസ്ഥാനമായ ക്യാരോൺ എന്ന കമ്പനിയിൽനിന്നും പി.പി.ഇ കിറ്റ് വാങ്ങിയിരുന്നു. എന്നാൽ, കിറ്റിന് 446.25 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇതേ ദിവസം തന്നെ ന്യൂകെയർ ഹൈജീൻ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയിൽനിന്നും പി.പി.ഇ കിറ്റ് പർച്ചേസ് നടത്തിയിരുന്നു. ഈ കമ്പനി കിറ്റിന് 475.25 രൂപയാണ് ഈടാക്കിയത്.
എന്നാൽ, വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ ലഭ്യമാണെന്ന അറിവുണ്ടായിട്ടും വൻതുക നൽകിയാണ് മറ്റ് രണ്ട് കമ്പനികളിൽനിന്ന് പർച്ചേസ് നടത്തിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങിയ ഒരു കമ്പനി. എച്ച്.എൽ.എൽ 1,500 രൂപയാണ് ഒരു കിറ്റിന് വാങ്ങിയിരുന്നത്. എന്നാൽ, മഹാരാഷ്ട്രയിലെ സോളാപൂരിൽനിന്നുള്ള സാൻഫാർമയിൽനിന്ന് ഇതിലും വലിയ വില നൽകിയാണ് വലിയ തോതിൽ കിറ്റുകൾ വാങ്ങിക്കൂട്ടിയത്. വിപണി വിലയുടെ മൂന്നിരട്ടിയോളം വരുന്ന 1,550 രൂപയാണ് കമ്പനി ഒരു കിറ്റിന് ഈടാക്കിയിരുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഫയൽവിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഡ്വ. സി.ആർ പ്രാണകുമാർ നൽകിയ വിവരാവകാശ അപ്പീലിലാണ് രേഖകൾ ലഭിച്ചത്. സ്റ്റോർ പർച്ചേസ് മാന്വൽ നിബന്ധനകൾ പ്രകാരം കേരളാ മെഡിക്കൽ സർവീസസ് കോർപറേഷന് കോവിഡ് കാല പർച്ചേസ് നടത്താൻ സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. ഇതുപ്രകാരമാണ് മന്ത്രി ശൈലജ ടീച്ചർ ഇതു സംബന്ധിച്ച ഫയലിന് അംഗീകാരം നൽകിയത്. മുഖ്യമന്ത്രിയും തോമസ് ഐസകും ഈ ഫയലിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന വൻ അഴിമതിയാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്ന് പ്രാണകുമാർ മീഡിയവണിനോട് പറഞ്ഞു.
Summary: CM Pinarayi Vijayan was aware of PPE kit purchase with three times of the market price