ബംഗാളിൽ പാർട്ടി തീരുമാനം ലംഘിച്ച് സഖ്യമുണ്ടാക്കിയത് തെറ്റെന്ന് പ്രകാശ് കാരാട്ട്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് പൊതുചർച്ചയിൽ വിമർശനമുയർന്നിരുന്നു. ഇത് കാരാട്ട് തള്ളി, ബംഗാളിൽ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ: ബംഗാളിൽ പാർട്ടി തീരുമാനം ലംഘിച്ച് സഖ്യമുണ്ടാക്കിയത് തെറ്റെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് ധാരണയെന്നത് സഖ്യത്തിലേക്ക് പോയത് കടന്ന നടപടിയായിപ്പോയെന്നും കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഡിഎംകെയുമായാണ് സഖ്യം, കോൺഗ്രസുമായല്ല. ബിഹാറിൽ ആർജെഡിയുമായാണ് സഖ്യം. കോൺഗ്രസ് ആ മുന്നണിയിൽ അംഗമാണ് എന്നുമാത്രമേയുള്ളൂ എന്നും കാരാട്ട് പറഞ്ഞു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് പൊതുചർച്ചയിൽ വിമർശനമുയർന്നിരുന്നു. ഇത് കാരാട്ട് തള്ളി, ബംഗാളിൽ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രതിനിധി വരുമോയെന്ന് കാത്തിരുന്ന് കാണാമെന്നും കാരാട്ട് പറഞ്ഞു.
ബിജെപി യെ നേരിടാൻ പ്രാദേശിക പാർട്ടികളാണ് ഫലപ്രദം. തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും അത് കൂട്ടായ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് പാർട്ടിയുടെ ആത്യന്തിക ലക്ഷ്യമല്ലെന്നും കാരാട്ട് പറഞ്ഞു.
ബംഗാളിൽ കോൺഗ്രസുമായി സഖ്യം വേണ്ട, നീക്കുപോക്കു മതി എന്നതായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനം. എന്നാൽ അത് മറികടന്ന് ഒരു സഖ്യത്തിലേക്ക് പോയത് ശരിയായില്ലെന്നാണ് സിപിഎം വിലയിരുത്തൽ