ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം; ഗൃഹസന്ദർശനവുമായി സി.പി.എം നേതാക്കൾ
ജനങ്ങളുടെ അഭിപ്രായം കേൾക്കാനാണ് ഗൃഹസന്ദർശനം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി സി.പി.എം. പോളിറ്റ്ബ്യൂറോ അംഗങ്ങളും നേതാക്കളും ഗൃഹസന്ദർശനത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുത്തൻപള്ളിയിൽ ഗൃഹസന്ദർശനം നടത്തി. സംസ്ഥാന സർക്കാറിന്റെ വിവിധ പദ്ധതികൾ ജനങ്ങളോട് നേരിട്ട് സംവദിക്കുക, കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നടപടികൾ ജനങ്ങളെ അറിയിക്കുക തുടങ്ങിയവയാണ് ഗൃഹസന്ദർശനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൂന്തുറ അടക്കമുള്ള ഭാഗങ്ങളിൽ വലിയ പ്രതിഷേധം സർക്കാറിനെതിരെ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് വിശദീകരിക്കുന്നതിനായി നേതാക്കൾ പുത്തൻപള്ളി തിരഞ്ഞെടുത്തതെന്നാണ് സൂചന. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എം.വിജയകുമാർ തുടങ്ങിയ നേതാക്കളും എം.വി ഗോവിന്ദനൊപ്പമുണ്ട്.
ജനങ്ങളുടെ അഭിപ്രായം കേൾക്കാനാണ് ഗൃഹസന്ദർശനം സംഘടിപ്പിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികൾക്കോ മതത്തിനോ എതിരായ നിലപാട് സർക്കാരിനില്ല. ജനങ്ങളെ ചേർത്തുനിർത്തും. മതവിരുദ്ധമായതോ വിശ്വാസ വിരുദ്ധമായതോ ഒന്നും പാഠ്യപദ്ധതിയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.