മുസ്‌ലിം ലീഗിൽ തലമുറമാറ്റത്തിന് സമ്മർദം ശക്തമാകുന്നു
കോൺഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തും മാറ്റം വന്നതോടെ മുസ്ലിം ലീഗില്‍ തലമുറമാറ്റത്തിനുള്ള സമ്മർദ്ദം ശക്തമാകുന്നു. ലീഗിലും തലമുറമാറ്റമുണ്ടാകുമെന്ന് ആയിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാ പാര്‍ട്ടികളും അതാത് കാലത്ത് പുതിയ തലമുറയുടെ പങ്ക് ഉറപ്പ് വരുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലീഗിൽ നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമായിരുന്നു. സിപിഎം - സിപിഐ കക്ഷികൾക്ക് പിന്നാലെ കോൺഗ്രസും തലമുറ മാറ്റത്തിന് തയ്യാറായതോടെ യുവാക്കൾക്ക് അവസരം നൽകാനുള്ള കടുത്ത സമ്മർദമാണ് മുസ്‌ലിംലീഗ് നേതൃത്വം നേരിടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ലീഗിന്റെ നിയമസഭാ കക്ഷി നേതൃസ്ഥാനം പി.കെ കുഞ്ഞാലിക്കുട്ടി കയ്യടക്കി വെച്ചിരിക്കുകയാണ്. പാർലമെന്റിലേക്ക് മത്സരിക്കാൻ നിയമസഭാംഗത്വം രാജിവെച്ചപ്പോൾ മാത്രമാണ് ആ പദവി മറ്റൊരാൾക്ക് ലഭിച്ചത്. പ്രവർത്തകരുടെ സമ്മർദ്ദത്തിന്റെ പ്രതിഫലനമാണ് ലീഗിലും മാറ്റമുണ്ടാകുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം .
പിഎം അബൂബക്കർ, പി സീതിഹാജി,യുഎ ബീരാൻ തുടങ്ങിയ തലമുതിർന്ന നേതാക്കളുള്ളപ്പോഴാണ് 1991 ൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പുതുമുഖനിര ഭരണരംഗത്തേക്ക് വന്നത്. എന്നാൽ , പിന്നീട് ഇതിന് തുടർച്ചയുണ്ടായില്ല. പാർലമെന്ററി പാർട്ടിയിലും സംഘടനാരംഗത്തും പുതുമുഖങ്ങള്ക്ക് വേണ്ടിയുള്ള മുറവിളി ശക്തമാകുന്നുണ്ട്. ഇത് മനസിലാക്കിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ സന്ദർഭം മനസിലാക്കി കുളം കലക്കലും കല്ലേറും പതിവാണെന്നായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ കുഞ്ഞാലിക്കുട്ടിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ രോഷപ്രകടനത്തോട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.