എൻസിപിയിൽ നിർണായക നീക്കം; എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ സമ്മർദം
മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് എ.കെ.ശശീന്ദ്രന്റെ ഭീഷണി
തിരുവനന്തപുരം: എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ സമ്മർദമേറി. ഇന്നലെ രാത്രി എറണാകുളത്ത് ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ.
എ.കെ. ശശീന്ദ്രനൊപ്പം നിലനിന്നിരുന്ന പി.സി. ചാക്കോ, തോമസ് കെ.തോമസിനൊപ്പം ചേർന്നതായാണ് വിവരം. രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ.തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ എ.കെ.ശശീന്ദ്രൻ തയാറായിട്ടില്ലെന്നാണ് വിവരം. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിലില്ലെന്ന് അദ്ദേഹം പറയുന്നു. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി ഉയർത്തിയതായും സൂചനയുണ്ട്.
വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ എടുക്കും. സെപ്റ്റംബർ അഞ്ചിന് എ.കെ.ശശീന്ദ്രനുമായും തോമസ് കെ.തോമസുമായും ശരത് പവാർ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.