വയനാട്ടെ പ്രചാരണത്തിൽ പ്രിയങ്ക സജീവമാകും; മുന്നൊരുക്കം ‍വിലയിരുത്തി യുഡിഎഫ് നേതൃയോഗം

രാഹുൽ ഗാന്ധിയും വയനാട് മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമാകുമെന്ന് കെ.സി വേണുഗോപാൽ

Update: 2024-10-18 00:54 GMT
Advertising

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നൊരുക്കം ‍വിലയിരുത്തി യുഡിഎഫ് നേതൃയോഗം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻറെ നേതൃത്വത്തിൽ കോഴിക്കോട് മുക്കത്താണ് യോഗം ചേർന്നത്. പ്രിയങ്ക ഗാന്ധി കൂടുതൽ ദിവസം മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമാകുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി സഹോദരി പ്രിയങ്കഗാന്ധി മത്സരിക്കാനെത്തുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് വെല്ലുവിളിയില്ലെങ്കിലും പ്രചാരണത്തിൽ പിന്നാക്കം പോകാനാകില്ലെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. രാഹുൽ ഗാന്ധി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതിൽ നിന്ന് വിഭിന്നമായി പ്രിയങ്ക കൂടുതൽ ദിവസം പ്രചാരണത്തിൽ നേരിട്ട് പങ്കെടുക്കും. പരമാവധി വോട്ടർമാരെ സ്ഥാനാർഥി തന്നെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തരത്തിലാകും പ്രചാരണം. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടി പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും വയനാട് മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

മുക്കത്ത് ചേർന്ന നേതൃയോഗത്തിൽ കോൺഗ്രസ് നേതാക്കളെ കൂടാതെ പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളും, യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായി മണ്ഡലത്തിലേക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News