ഇനി സഹകരണം അക്രഡിറ്റേഷനുള്ളവരുമായി മാത്രം; റിവ്യൂ ബോംബിങ്ങിൽ നടപടിയുമായി നിർമാതാക്കൾ
വാർത്താസമ്മേളനത്തിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങുകാരെ നിയന്ത്രിക്കാനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
Update: 2023-11-01 11:40 GMT
കൊച്ചി: സിനിമാ റിവ്യൂ ബോംബിങ്ങിൽ നടപടിയുമായി നിർമാതാക്കൾ. സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമേ സിനിമാ പ്രമോഷനിൽ സഹകിപ്പിക്കൂ. ഇതിനായി ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. വാർത്താസമ്മേളനത്തിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങുകാരെ നിയന്ത്രിക്കാനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
ഫിലിം ചേംബർ ഭാരവാഹികളും ഫെഫ്ക ഭാരവാഹികളും യോഗം ചേർന്നാണ് തീരുമാനമെടുത്തത്. റിവ്യൂ ബോംബിങ് സിനിമാ മേഖലയെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി. സിനിമാ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കോടതി ഇടപെടൽ അടക്കമുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.