എസ്.എഫ്.ഐ ജില്ലാകമ്മറ്റി പിരിച്ചുവിടാന്‍ നിർദേശം; നടപ്പാക്കാതെ സി.പി.എം തിരു.ജില്ലാ നേതൃത്വം
നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം നൽകിയത്
തിരുവനന്തപുരം: എസ്.എഫ്.ഐ ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിർദേശം നടപ്പാക്കാതെ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം. നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദേശം നൽകിയത്. എന്നാൽ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്. ഇതിനിടെ പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിനെതിരേ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യാൻ നേമം ഏരിയാ കമ്മിറ്റി ഇന്ന് ചേരും.
സി.പി.എമ്മിന് നിരന്തര തലവേദനയായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ സംഘടനാ വിഷയങ്ങൾ. ആരും നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥയിലേക്ക് ജില്ലയിലെ പാർട്ടി പോകുന്നു എന്ന വിമർശനം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തന്നെ ഉയർന്നു.
മേയറുടെ കത്ത് വിവാദവും തുടർന്നുള്ള സംഭവങ്ങളും പാർട്ടി വിഭാഗീയതയുടെ ഭാഗമായിരുന്നു. ഇതിനിടെയാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ പരാതികൾ നേതൃത്വത്തിന് ലഭിച്ചത്. ഇതോടെ എം.വി ഗോവിന്ദൻ പങ്കെടുത്ത എസ്എഫ്‌ഐ ഫ്രാക്ഷൻ ചേർന്നു. ഇതിലും എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിനെ ഗുരുതര പരാതികളാണ് ഉയർന്നത്. തുടർന്നാണ് കമ്മിറ്റി പിരിച്ചുവിടാൻ സംസ്ഥാന സെക്രട്ടറി നിർദേശിച്ചത്. അതിനു തയ്യാറാകാതെ സി.പി.എം ജില്ലാ നേതൃത്വം എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണെന്ന വിമർശനം ശക്തമാണ്.
ഇതിനിടെയാണ് സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗം കൂടിയായ അഭിജിത് ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തശേഷം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾക്കെതിരെ കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ നടപടിയെടുക്കുകയും ചെയ്തു. അഭിജിത്തിനെതിരായ പാർട്ടി നടപടി തീരുമാനിക്കാൻ ഇന്ന് നേമം ഏരിയ കമ്മിറ്റി യോഗം ചേരും. ജില്ലയിലെ പ്രധാന നേതാവുമായി ഏറെ അടുപ്പം പുലർത്തുന്ന അഭിജിത്തിനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.