ഇടുക്കിയിലും 'ഗോബാക്ക്' ബാനറുയർത്തി എസ്.എഫ്.ഐ; കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഇടുക്കിയില്‍
പ്രതിഷേധങ്ങളെ ഭയമില്ലെന്ന് രാവിലെ ആലുവയിൽനിന്ന് പുറപ്പെടുന്നതിനുമുൻപ് ഗവർണർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി
ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടിയിൽ പങ്കെടുക്കാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. അതിനിടെ, ഗവർണർ എത്തുന്ന വഴികളിലുടനീളം എസ്.എഫ്.ഐയുടെ ഉൾപ്പെടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. 'സംഘി ഗവർണർ ഗോബാക്ക്' എന്ന കുറിപ്പുകളുമായി എസ്.എഫ്.ഐ ബാനറുകളും ഉയർത്തിയിട്ടുണ്ട്.
രാവിലെ പത്തു മണിയോടെ ആലുവയിൽനിന്നാണ് ഗവർണർ ഇടുക്കിയിലേക്കു പുറപ്പെട്ടത്. പ്രതിഷേധങ്ങളെ ഭയമില്ലെന്ന് പുറപ്പെടുന്നതിനുമുൻപ് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 70 വയസായിട്ടുണ്ട്. ജീവിതസായാഹ്നത്തിലാണുള്ളത്. എവിടെയും ഇറങ്ങിനടക്കാൻ ഭയമില്ല. കോഴിക്കോട്ട് നടന്ന പോലെ കൊച്ചിയിലും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
11 മണിയോടെ പരിപാടി നടക്കുന്ന തൊടുപുഴയിൽ ഗവർണർ എത്തി. ഇങ്ങോട്ടുള്ള വഴിയിലുടനീളം ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ വലിയ തോതിൽ പ്രതിഷേധമുണ്ടായി. പലയിടത്തും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രയോഗവുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ കൈവീശിക്കാണിച്ചാണ് ഗവർണർ കടന്നുപോയത്. തൊടുപുഴയിലെ വ്യാപാരി വ്യവസായി സമിതിയുടെ പരിപാടിയുടെ വേദിയിലേക്ക് ഗവർണർ പ്രവേശിച്ചിട്ടുണ്ട്.
തൊടുപുഴയിലാണ് ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനർ ഉയർന്നിരിക്കുന്നത്. സംഘി ഖാന് പ്രവേശനമില്ലെന്നാണു ബാനറിൽ പറയുന്നത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ബാനർ ഉയർത്തിയത്. ഇടുക്കി ജില്ലയുടെ അതിർത്തിയിൽ റോഡിന് കുറുകെയാണ് ബാനർ കെട്ടിയിരിക്കുന്നത്.
അതിനിടെ, ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ച് ഇന്ന് നടക്കും.
Summary: Left protest against Governor Arif Mohammad Khan in Idukki for not signing the Kerala Govt Land Assignment Amendment Bill