കെ റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തം
നിരവധി വീടുകളും കൃഷിയിടങ്ങളും ആരാധനാലയങ്ങളുമെല്ലാം പ്രദേശ വാസികൾക്ക് നഷ്ടമാകും എന്ന ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം
കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പദ്ധതിക്കായി ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന പനച്ചിക്കാട് പഞ്ചായത്തിൽ ശക്തമായ പ്രതിരോധമാണ് നാട്ടുകാർ തീർത്തത്. സർവേ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ അവർ മുട്ടു മടക്കുകയായിരുന്നു. കൂടാതെ ഇട്ട സർവേ കല്ലുകളെല്ലാം നാട്ടുകാർ തന്നെ എടുത്തു കളയുകയാണ് ചെയ്തത്. നിരവധി വീടുകളും കൃഷിയിടങ്ങളും ആരാധനാലയങ്ങളുമെല്ലാം പ്രദേശ വാസികൾക്ക് നഷ്ടമാകും എന്ന ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലൂടെയും രണ്ട് മുനിസിപ്പാലിറ്റികളിലൂടെയും പദ്ധതി കടന്നു പോകുന്നുണ്ട്. ജില്ലയിൽ ഇതിനായി 108.11 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് വിവിധ മേഖലകളിൽ കെ റെയിലിനെതിരെ പ്രതിഷേധങ്ങൾനടക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നത് കോട്ടയം ജില്ലയിലാണ്. ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കെ റെയിൽ പദ്ധതിയുടെ ഭൂരിഭാഗവും ജനവാസമേഖലയിലൂടെയാണ് കടന്ന് പോകുന്നത്.
കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വലിയ വിമർശനമാണുന്നയിക്കുന്നത്. കെ റെയിൽ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും കേരളത്തിലെ സിപിഎമ്മിനും രണ്ട് നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.