"മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ ആ സ്ഥാനത്തിരുത്തൂ": ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനം

ഇടത് അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തെത്തി

Update: 2021-06-24 07:15 GMT
Advertising

സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. ഇടത് അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തെത്തി.

"ഭർതൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സർക്കാരിനോട് ഒരഭ്യർഥന. പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്"- എന്നാണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം

അധ്യാപിക ദീപാ നിഷാന്തും ജോസഫൈനെതിരെ രൂക്ഷവിമര്‍ശനം നടത്തി- "എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്‍റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു".

മുന്‍ എംഎല്‍എ വി ടി ബല്‍റാം ജോസഫൈനെ പരിഹസിച്ചതിങ്ങനെ- "വനിതാ കമ്മീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും".

അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍റെ പ്രതികരണം- "ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ല. സിപിഎംകാരേ, നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്. ഭരണഘടന പറയുന്ന പണി എടുക്കാൻ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളിൽ വെയ്ക്കാൻ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താൻ പറ്റുന്നില്ലെങ്കിൽ ഇനി മേലാൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ മൈക്കിന് മുന്നിൽ പൊതുജനങ്ങളുടെ ചെലവിൽ സമയം ചെലവാക്കരുത്. മേഴ്‌സിക്കുട്ടിയമ്മയെ പോലെ, സി എസ് സുജാതയെപ്പോലെ, സുജ സൂസൻ ജോർജിനെപ്പോലെ എത്ര കഴിവുള്ളവർ ഉണ്ട് ആ പാർട്ടിയിൽ. വനിതാ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ എന്താണ് ഇനിയും താമസം?

ചാനല്‍ പരിപാടിയില്‍ യുവതി സംസാരിച്ച് തുടങ്ങിയതു മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി ജോസഫൈന്‍റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. ഭർതൃപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം. ഇടത് വലത് വ്യത്യാസമില്ലാതെ രൂക്ഷവിമര്‍ശനമാണ് എം സി ജോസഫൈനെതിരെ ഉയരുന്നത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News