പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ബാങ്കിന്‍റെ അപ്രൈസര്‍ രമേശനാണ് പലരുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ചതെന്നാണ് പരാതി

Update: 2021-08-11 01:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബാങ്കിന്‍റെ അപ്രൈസര്‍ രമേശനാണ് പലരുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ചതെന്നാണ് പരാതി. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിനിടയില്‍ അപ്രൈസറെ ഇന്നലെ രാത്രിയോടെ വീടിനടുത്തുളള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തിയത്. പരിചയക്കാരും കുടുംബക്കാരുമായ ആളുകളുടെ പേരില്‍ ബാങ്ക് അപ്രൈസര്‍ മുക്കുപണ്ടം പണയം വെക്കുകയായിരുന്നു.താന്‍ ബാങ്കില്‍ ജോലി ചെയ്യുന്നതിനാല്‍ തന്‍റെ പേരില്‍ പണയം വെക്കാന്‍ കഴിയില്ലെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. രമേശൻ നൽകിയ സ്വർണമാണ് ഇവർ ബാങ്കില്‍ പണയം വെച്ചത്.പലിശ അടക്കുന്നതിനുളള നോട്ടീസ് ഇടപാടുകാര്‍ക്ക് നല്‍കാതെ അപ്രൈസര്‍ നേരിട്ട് കൈപ്പറ്റിയിരുന്നതിനാല്‍ തട്ടിപ്പ് പുറത്തറിയാന്‍ വൈകി. ഇരുപത്തിയഞ്ചോളം ആളുകളുടെ പേരിലായി അരക്കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സൂചന. സംഭവത്തില്‍ രണ്ട് പേരാണ് നിലവില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുളളത്.

ഇതിനിടെ സംഭവത്തില്‍ പ്രതിയായ അപ്രൈസര്‍ രമേശനെ ഇന്നലെ രാത്രി വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേക്ഷിച്ച് വരികയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News