പൂരം അലങ്കോലമായത് വസ്തുത, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി- എൽഡിഎഫ് കൺവീനർ

സിപിഐ വിഷയങ്ങൾ മുൻകൂട്ടി കണ്ടു പരിഹരിക്കാൻ കഴിയില്ലെന്നും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കൂടിയാലോചിച്ച് പരിഹരിക്കുമെന്നും ടി.പി രാമകൃഷ്ണൻ

Update: 2024-09-24 03:43 GMT
Advertising

തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും പൂരം അലങ്കോലമായി എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ എല്ലാ കാര്യങ്ങളും തൃശൂരിൽ പറഞ്ഞതാണെന്നും ഇതിൻറെ മുകളിൽ ആളുകൾക്കിടയിൽ ആശയപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും കൺവീനർ കൂട്ടിച്ചേർത്തു.

ഇടതുമുന്നണിയുടെ രാഷ്ട്രീയമായ സമീപനങ്ങളിൽ കേരളത്തിലെ പൊതു സമൂഹത്തിന് യാതൊരു സംശയവുമില്ലെന്നും സംശയമുള്ളത് മാധ്യമങ്ങൾക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപ് കുറ്റവാളികളെ നിർണയിക്കുക എന്ന് പറയുന്നത് ശരിയല്ല. സിപിഐ വിഷയങ്ങൾ മുൻകൂട്ടി കണ്ടു ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയില്ല. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കൂടിയാലോചിച്ച് പരിഹരിക്കും. അദ്ദേഹം പറഞ്ഞു.

ഇവൈ കമ്പനിയിലെ അന്നാ സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാർത്ഥമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ ഉണ്ടാവണമെന്നും‌ അദ്ദേഹം ആവശ്യപ്പെട്ടു. അന്നാ സെബാസ്റ്റ്യന്റെ മരണം അങ്ങേയറ്റം വേദനയുണ്ടാക്കി. അന്നയ്ക്ക് 16 മണിക്കൂറിൽ അധികം ജോലി ചെയ്യേണ്ടി വന്നു.

രാജ്യത്താകമാനമുളള കോർപ്പറേറ്റ് കമ്പനികളിൽ ഇതുപോലെ സംഭവിക്കുന്നുണ്ട്. സമയപരിധിയില്ലാതെയും സുരക്ഷിതത്വമില്ലാതെയും യുവതി യുവാക്കൾ ജോലി ചെയ്യേണ്ടിവരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ആളുകൾക്ക് സംരക്ഷണം കൊടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അദ്ദേഹം പറഞ്ഞു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News