പുതുപ്പള്ളി: സി.പി.എം സ്ഥാനാർഥി നിര്‍ണയ ചർച്ച ശനിയാഴ്ച
തെരഞ്ഞെടുപ്പ് തീരുമാനിച്ച് മൂന്നു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഒരുമുഴം നീട്ടിയെറിഞ്ഞെങ്കിലും സി.പി.എം അതിവേഗതയിൽ തീരുമാനമെടുക്കില്ല
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ച ശനിയാഴ്ച ആരംഭിക്കും. ജെയ്ക് സി തോമസിനാണ് പ്രഥമ പരിഗണന. മന്ത്രി വി.എൻ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനും മണ്ഡലത്തിന്‍റെ ചുമതല നൽകി.
തെരഞ്ഞെടുപ്പ് തീരുമാനിച്ച് മൂന്നു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഒരുമുഴം നീട്ടിയെറിഞ്ഞെങ്കിലും സി.പി.എം അതിവേഗതയിൽ തീരുമാനമെടുക്കില്ല. ഈ മാസം 11 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന നേതൃയോഗങ്ങൾക്കിടയിൽ ആയിരിക്കും സ്ഥാനാർഥി തീരുമാനം ഉണ്ടാവുക. ചാണ്ടി ഉമ്മൻ തന്നെയായിരിക്കും യു.ഡി.എഫിന്റെ സ്ഥാനാർഥി എന്ന് സി.പി.എം നേരത്തെ കണക്കുകൂട്ടിയതാണ്.
സി.പി.എമ്മിന്‍റെ സ്ഥാനാർഥി പട്ടികയിൽ പ്രഥമ പരിഗണന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം വലിയ രീതിയിൽ കുറച്ച ജെയ്ക് സി തോമസ് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റതിനു ശേഷവും മണ്ഡലം കേന്ദ്രീകരിച്ചാണ് ജെയ്കിന്‍റെ പ്രവർത്തനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സക്കറിയ, കെ.എം രാധാകൃഷ്ണൻ എന്നിവരുടെ പേരും ചർച്ചയിലുണ്ട്. എന്നാൽ ജെയ്കിനെ സ്ഥാനാർഥിയാക്കണമെന്നാണ് കോട്ടയം ജില്ലയിൽ നിന്നുള്ള പൊതുവികാരം. ഉമ്മൻചാണ്ടി വികാരം അതിതീവ്രമായി മണ്ഡലത്തിലുണ്ട് എന്ന സി.പി.എം കണക്കുകൂട്ടുന്നുണ്ട്. അതിനെ മറികടക്കാൻ വേണ്ടിയുള്ള പ്രചാരണ തന്ത്രങ്ങൾ സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ ചർച്ച ചെയ്യും. മന്ത്രിമാർക്ക് പഞ്ചായത്തുകളുടെ ചുമതല നൽകും. പരസ്യ പ്രചാരണത്തിൻറ അവസാന ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പ്രചാരണത്തിന് എത്തുക.
നേതൃയോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മണ്ഡലത്തിലെത്തും. നിയമസഭാ സമ്മേളനം ഉടനെ പിരിഞ്ഞാൽ നേതൃ യോഗങ്ങൾ നേരത്തെ ചേരാനും സാധ്യതയുണ്ട്.