‘അന്വേഷണം ഏറ്റവും വലിയ തമാശ’; എഡിജിപിയെ പിരിച്ചുവിടണമെന്ന് പി.വി അൻവർ
‘ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കും’
മലപ്പുറം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് പി.വി അൻവർ എംഎൽഎ. എഡിജിപിയെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അയാൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവർക്കും അറിയാം.
രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തൃശൂർ പൂരം കലക്കുന്നത് ചർച്ച ചെയ്യാൻ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. ആർഎസ്എസ് നേതാക്കളുമായി ചിലപ്പോൾ 10,000 പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അദ്ദേഹത്തിന്റെ സംസർഗം. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു പ്രപഞ്ച സത്യമാണ്.
തൃശൂർ പൂരം കലക്കിച്ചതാണ്. എഡിജിപിയാണ് അത് കലക്കിയത്. അയാൾ നൊട്ടോറിയസ് ക്രിമിനലാണ്. നേരത്തേ എഡിജിപിയെ മാറ്റിനിർത്തണമെന്നാണ് താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ
അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയാണ്. അയാൾ പൊലീസ് വകുപ്പിന് പറ്റുന്ന ആളല്ലെന്നും പി.വി അൻവർ വ്യക്തമാക്കി. ചില ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ സമയമെടുക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.വി അൻവർ പറഞ്ഞു.