ആർ.ശ്രീലേഖയുടെ ആരോപണം: നടി കോടതിയെ സമീപിച്ചേക്കും
ക്രൈബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തലത്തിൽ നടി കോടതിയെ സമീപിച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിക്ക് മുന്നിലെത്തുക. ക്രൈബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുണ്ടായത്. ദിലീപ് നിരപരാധിയും മാധ്യമങ്ങളുടെ സമ്മർദം മൂലമാണ് പ്രതിയാക്കിയതെന്നും ദിലീപിനെ കുടുക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിച്ചത്.
ഇതിന് പുറമെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് സന്ദേശങ്ങൾ . 2021 ൽ ശ്രീലേഖയും ദിലീപും തമ്മിൽ നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ചാറ്റുകളിൽ ഇല്ല. എങ്കിലും ശ്രീലേഖയോട് സംസാരിക്കാനായത് ആശ്വാസം നൽകിയതായി ദിലീപ് പറയുന്നുണ്ട്. ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്ന വിവരങ്ങളും ശ്രീലേഖയുടെ യൂ ട്യൂബ് ചാനൽ വിവരങ്ങളുമാണ് ചാറ്റിലുളളത്.
അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും.