ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് റഫീഖ് പിടിയില്‍
നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്
അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തൃശൂർ ചേർപ്പ് സ്വദേശി സതീഷ് എന്ന് വിളിക്കുന്ന റഫീഖ് ആണ് പിടിയിലായത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി.
നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്തെ ലോഡ്ജിൽ എത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സ്വർണാഭരണങ്ങൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പ്രതിയിൽ നിന്ന് കണ്ടെടുത്തു. കൊല്ലം ജില്ലയിൽ പുത്തൂർ, ഏനാത്ത്, കൊട്ടാരക്കര, ചടയമംഗലം, നിലമേൽ, അഞ്ചൽ, ഏറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
തിരുവനന്തപുരം ജില്ലയിൽ 30 ഓളം മോഷണകേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു മാസം മുൻപാണ് ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയത്. തിരുവനന്തപുരത്തെ ലോഡ്ജിൽ താമസിക്കുന്ന റഫീഖ് രാത്രിയിൽ മോഷണം നടത്തേണ്ട ക്ഷേത്രത്തിന് സമീപം ബസിൽ വന്നിറങ്ങി മോഷണം നടത്തും. ശേഷം വെളുപ്പിനെ കിട്ടുന്ന വണ്ടിക്ക് തിരികെ പോകും. തൊട്ടടുത്ത ദിവസം ലോഡ്ജിൽ നിന്നും പുറത്തിറങ്ങാറില്ല. വീണ്ടും അടുത്ത ദിവസം സമാനമായ രീതിയിൽ മോഷണത്തിനിറങ്ങും. ഇതാണ് ഇയാളുടെ രീതി എന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.