''റഫീക്ക് അഹമ്മദ് ഒറ്റയ്ക്കല്ല, കെ-റെയിലിനോട് ശക്തമായ എതിര്‍പ്പ്''; സൈബർ ആക്രമണത്തിൽ പിന്തുണയുമായി സാറാ ജോസഫ്

വികസനമല്ല നിലനിൽപ്പാണ് പ്രധാനം. വേഗം വേണ്ടവർ പറക്കട്ടെ. ബഹുഭൂരിപക്ഷം സാധാരണക്കാർക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകൾ ആദ്യം നിർമിച്ചുതരിക. ഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടിയാവണം വികസനം; ഭരണകർത്താക്കൾക്കും കോർപറേറ്റുകൾക്കും വേണ്ടിയാവരുത്..'' ഫേസ്ബുക്ക് കുറിപ്പിൽ സാറാ ജോസഫ്

Update: 2022-01-24 11:12 GMT
Editor : Shaheer | By : Web Desk
Advertising

കെ-റെയിലിനെ വിമർശിച്ച് കവിതയെഴുതിയതിന് സൈബർ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഐക്യദാർഢ്യവുമായി എഴുത്തുകാരി സാറാ ജോസഫ്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ അവർ പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.

കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതികാഘാതം വരുത്തിവയ്ക്കാൻ പോകുന്ന പദ്ധതിയാണ് കെ-റെയിലെന്നും അതിനോടുള്ള എന്റെ ശക്തമായ എതിർപ്പ് അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. ''ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല.''-സാറാ ജോസഫ് കുറിച്ചു.

നമ്മുടെ എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും പൊതുജനങ്ങളും ഓർക്കണം, അന്ന് സുഗതകുമാരി, അയ്യപ്പപണിക്കർ, എംടി, വിഷ്ണുനാരായണൻ നമ്പൂതിരി, എംകെ പ്രസാദ് മാഷ് തുടങ്ങി ഒട്ടേറെപ്പേർ കക്ഷിരാഷ്ട്രീയപ്പാർട്ടി താൽപര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് സൈലന്റ്‌വാലിയെന്ന വനസമ്പത്ത് കേരളത്തിനും ലോകത്തിന് മുഴുവനും ഉപകാരപ്രദമായി നിലനിൽക്കുന്നത്. വികസനമല്ല നിലനിൽപ്പാണ് പ്രധാനം. വേഗം വേണ്ടവർ പറക്കട്ടെ. ബഹുഭൂരിപക്ഷം സാധാരണക്കാർക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകൾ ആദ്യം നിർമിച്ചുതരിക. ഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടിയാവണം വികസനം; ഭരണകർത്താക്കൾക്കും കോർപറേറ്റുകൾക്കും വേണ്ടിയാവരുത്..''-സാറാ ജോസഫ് കൂട്ടിച്ചേർത്തു.


കഴിഞ്ഞ ദിവസമാണ് കെ-റെയിൽ പദ്ധതിയെ വിമർശിച്ച് 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്ന കവിത റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതിനു പിന്നാലെയായിരുന്നു ഇടതുപക്ഷ അനുഭാവികളുടെ പ്രൊഫൈലിൽനിന്ന് കടുത്ത സൈബർ ആക്രണം നേരിട്ടത്. പിന്നാലെ 'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ'ന്ന് നാലുവരിക്കവിതയെഴുതി വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചു അദ്ദേഹം. സൈബർ ആക്രമണത്തിൽ റഫീഖ് അഹമ്മദിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

സൈബർ ആക്രമണത്തിനിടയാക്കിയ റഫീഖ് അഹമ്മദിന്റെ കവിത

''ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്തനേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ,നെന്തു കൊണ്ടുപോരാൻ

ഹേ..

കേ..?''

കവിതയ്‌ക്കെതിരായ സൈബർ ആക്രമണത്തോട് പ്രതികരിച്ച് എഴുതിയ കവിത

''തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങ,ളറിയാത്ത കൂട്ടരേ

കുരുപൊട്ടിനിൽക്കുന്ന നിങ്ങളോടുള്ളതു

കരുണ മാത്രം''

Summary: ''Rafeeq Ahmed is not alone, strong opposition to K-Rail '', Sara Joseph in solidarity in left cyber attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News