'വെട്ടാനും കുത്താനുമൊന്നുമല്ല'; മുഈനലി തങ്ങൾക്കെതിരായ വധഭീഷണിയിൽ ഖേദം പ്രകടിപ്പിച്ച് റാഫി പുതിയകടവ്
കേസിനെ നിയമപരമായി നേരിടുമെന്നും റാഫി പുതിയകടവ് മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് റാഫി പുതിയകടവ്. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് റാഫി പുതിയകടവ് പറഞ്ഞു. ഫോണിൽ സംസാരിക്കവെ ഇങ്ങോട്ട് പ്രകോപനം ഉണ്ടായി. കേസിനെ നിയമപരമായി നേരിടുമെന്നും റാഫി പുതിയകടവ് മീഡിയവണിനോട് പറഞ്ഞു.
'പാണക്കാട് കുടുംബത്തെ മോശമാക്കുന്ന അവസ്ഥ വന്നപ്പോൾ ചോദ്യം ചെയ്തതാണ്. അല്ലാതെ വെട്ടാനും കുത്താനുമൊന്നുമല്ല. പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നു. മൂന്ന് ദിവസം മുൻപ് ഞാൻ ദുബൈയിലുണ്ടായിരുന്ന സമയത്താണ് സംസാരിക്കുന്നത്. വിഷയങ്ങളെല്ലാം വരുമ്പോൾ പാർട്ടിക്ക് ക്ഷീണമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ ഇനി പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടേ കാര്യങ്ങളൊള്ളൂെവെന്ന് മുഈനലി തങ്ങൾ പറഞ്ഞു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേതാക്കളുമെല്ലാം എന്നെ അവഗണിക്കുന്നു .ഇനി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മുഈനലി തങ്ങൾ ഭീഷണി സ്വരത്തിൽ സംസാരിച്ചു.' റാഫി പുതിയകടവ് പറഞ്ഞു.
മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു റാഫി പുതിയകടവിന്‍റെ ഭീഷണി. 'തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി സന്ദേശം.
റാഫിയുടെ പശ്ചാത്തലം അറിയില്ലെന്നും സ്ഥിരമായി മെസേജ് അയക്കാറുണ്ടെന്നും മുഈനലി തങ്ങൾ പ്രതികരിച്ചിരുന്നു. എല്ലാ കാര്യവും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഭീഷണിക്ക് കാരണം എന്തെന്ന് അറിയില്ല. ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരാതിയൊക്കെ കൊടുത്തു. ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം- മുഈനലി തങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസം മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും മുഈനലി തങ്ങള്‍ തുറന്നടിച്ചിരുന്നു.