കോട്ടൺഹിൽ സ്‌കൂളിലെ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

രക്ഷിതാക്കൾ ഇന്ന് സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും

Update: 2022-07-25 01:54 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിലെ റാഗിംഗ് പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ കേസ് എടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പരാതി ഉന്നയിച്ച രക്ഷിതാക്കളുടെ തീരുമാനം.

5, 6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് റാഗിംഗ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. സ്‌കൂളിൽ നേരിട്ട് എത്തി വിവരശേഖരണം നടത്തണമെന്നും നിർദേശമുണ്ട്. സ്‌കൂളിലെത്തി വിവരശേഖരണം നടത്തിയ ശേഷം ഉടനടി റിപ്പോർട്ട് നൽകണം.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ഇതിനോടൊപ്പം സ്‌കൂളിലെ സാഹചര്യം ചർച്ചചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പ്രത്യേക യോഗം ചേരും. സ്‌കൂൾ പ്രിൻസിപ്പൽ, പിടിഎ പ്രസിഡന്റ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ആരോപണ വിധേയർക്ക് പ്രായപൂർത്തി എത്താത്തതിനാൽ നിയമപരമായി കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ പക്ഷം. മഫ്തിയിൽ വനിതാ പൊലീസിന്റെ സാന്നിധ്യം സ്‌കൂളിൽ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പരാതി ഉന്നയിച്ച കുട്ടികളുടേയും രക്ഷിതാക്കളുടേയും തീരുമാനം. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾ ഇന്ന് സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News