രാഖില്‍ എംബിഎ ബിരുദധാരി; കൊലയ്ക്ക് ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക്
പഠനത്തിന് ശേഷം ബംഗളൂരുവില്‍ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു രാഖില്‍
കോതമംഗലത്ത് ഡന്‍റല്‍ വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ്. ഈ തോക്ക് സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. എവിടെ നിന്നാണ് രാഖിലിന് തോക്ക് ലഭിച്ചത് എന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ രാഖിലിന്‍റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്.
കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ് രാഖില്‍. എംബിഎ ബിരുദധാരിയാണ്. പഠനകാലത്താണ് രാഖിലും മാനസയും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മില്‍ സൌഹൃദമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു രാഖില്‍. നാറാത്ത് സ്വദേശിയാണ് മാനസ. കഴിഞ്ഞ മാസം 24ന് വീട്ടില്‍ വന്നപ്പോഴാണ് മാനസ രാഖില്‍ ശല്യം ചെയ്യുന്നുവെന്ന് മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
കണ്ണൂര്‍ ഡി.വൈ.എസ്.പിക്കാണ് മാനസയുടെ പിതാവ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാഖിലിനെയും മാതാപിതാക്കളെയും ഡി.വൈ.എസ്.പി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. മാനസയെ ഇനി ശല്യം ചെയ്യില്ലെന്ന് മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് രാഖില്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് മാനസയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ സംഭവം നടന്ന് മൂന്നാഴ്ച കഴിയും മുന്‍പാണ് ക്രൂരമായ കൊലപാതകം നടന്നത്.
ഒത്തുതീര്‍പ്പിനുശേഷം എന്തുസംഭവിച്ചു?
അന്നത്തെ പൊലീസ് സ്റ്റേഷന്‍ സംഭവത്തിന് ശേഷം എന്താണ് നടന്നതെന്ന് മാനസയുടെ കുടുംബത്തിന് വ്യക്തതയില്ല. കോതമംഗലത്ത് മാനസ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിനടുത്ത് തന്നെ രാഖില്‍ വീടെടുത്ത് താമസിക്കുകയായിരുന്നു. രാഖിലിനെ കുറിച്ച് മാനസ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് സഹപാഠികള്‍ നല്‍കിയ മൊഴി.
ഇന്നലെ വൈകീട്ട് മൂന്നരയോടെ, മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്മെന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ രാഖില്‍ അവിടേക്ക് കയറിവന്നു. അയാളുടെ വരവോടെ മാനസ പാതിവഴിയില്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. രാഖില്‍ മാനസയെ മുറിയിലേക്ക് കൊണ്ടുപോയി. റൂമില്‍ കയറിയ ഉടനെ രാഖില്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിടുകയായിരുന്നു. പിന്നീട് പുറത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാനസയുടെ കൂട്ടുകാരികള്‍ കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളാണ്. ശബ്ദം കേട്ട് കൂട്ടുകാരികളും നാട്ടുകാരും ഓടിയെത്തുന്നതിന് മുമ്പ് തന്നെ സ്വയം വെടിയുതിര്‍ത്ത് രാഖിലും ജീവിതം അവസാനിപ്പിച്ചു.