രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യക്കൊല-വെൽഫെയർ പാർട്ടി
'പാർലമെന്റിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി എന്നത് ഉറപ്പാണ്.'
തിരുവനന്തപുരം: സൂറത്ത് കോടതിവിധി മുൻനിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയിലൂടെ സംഘ്പരിവാർ ഫാസിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. നടപടിയിലൂടെ ജനാധിപത്യത്തെ ആർ.എസ്.എസ് ഫാസിസം കൊലപ്പെടുത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
ഭരണകൂടത്തെ വിമർശിക്കുന്ന രാഷ്ട്രീയ പ്രസംഗത്തെ മുൻനിർത്തി സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. വംശഹത്യയ്ക്കു നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്‌സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയപ്രസംഗത്തിന്റെ പേരിൽ ഒരു നേതാവ് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്നത് വിചിത്രമാണ്. ആ വിധി തന്നെ 30 ദിവസത്തേക്ക് നടപ്പാക്കുന്നത് കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. അതിന്മേലുള്ള അപ്പീൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ധൃതിപിടിച്ച് ലോക്‌സഭാ അംഗത്വത്തിൽനിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കാൻ എടുത്ത തീരുമാനം ഒരിക്കലും സ്വാഭാവികമല്ല. ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് റസാഖ് പാലേരി ആരോപിച്ചു.
'പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ആർ.എസ്.എസ് വിഭാവന ചെയ്യുന്നത്. പാർലമെന്റിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി എന്നത് ഉറപ്പാണ്.'
ലക്ഷദ്വീപ് എം.പി ഫൈസലിനെ പ്രാദേശിക കോടതിവിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും തീരുമാനം പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കാൻ തുനിഞ്ഞിറങ്ങിയതിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നുവെന്ന് വ്യക്തമാവുകയാണ്. ആർ.എസ്.എസ് ഫാസിസത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കേണ്ട ചരിത്രനിമിഷമാണിതെന്നും രാഹുൽ ഗാന്ധിക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
Summary: 'Rahul Gandhi's disqualification is murder of democracy', says Welfare Party Kerala State President Razak Paleri