'യോഗ്യനായ' രാഹുൽ ആഗസ്റ്റ് 12ന് വയനാട്ടിലെത്തും
ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി പാർലമെന്റിലെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്.
ന്യൂഡൽഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 12, 13 തിയതികളിലാണ് രാഹുൽ തന്റെ മണ്ഡലമായ വയനാട് സന്ദർശിക്കുന്നത്. ശിക്ഷാ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചത്.
രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്ന കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് അറിയിച്ചത്. തങ്ങളുടെ ശബ്ദം പാർലമെന്റിൽ തിരിച്ചെത്തിയതിൽ വയനാട്ടിലെ ജനങ്ങൾ ആഹ്ലാദത്തിലാണെന്നും രാഹുൽ ഗാന്ധി അവർക്ക് ഒരു എം.പി മാത്രമല്ല, സ്വന്തം കുടുംബാംഗത്തെപ്പോലെ ആണെന്നും കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
On 12-13 August, Sh. @RahulGandhi ji will be in his constituency Wayanad!
— K C Venugopal (@kcvenugopalmp) August 8, 2023
The people of Wayanad are elated that democracy has won, their voice has returned to Parliament!
Rahul ji is not just an MP but a member of their family!
തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ എം.പിമാർ വലിയ സ്വീകരണമാണ് നൽകിയത്. 2019ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ മാർച്ച് 23നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.