കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച നിലയിൽ കാണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിൽ അദ്ദേഹം എത്തിയിരുന്നു
വയനാട്: ഭാരത് ജോഡോ പര്യടനത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശേരി തോമസിന്റെ വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. വൈകീട്ട് മീനങ്ങാടിയിലാണ് പൊതുസമ്മേളനം. ഏഴായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ 25 വീടുകളുടെ താക്കോൽ ദാനവും അദ്ദേഹം നിർവഹിക്കും. ഭാരത ജോഡോ യാത്രക്ക് ശേഷം കേരളത്തിലത്തുന്ന രാഹുൽ ഗാന്ധിക്ക് ഗംഭീര സ്വീകരണമൊരുക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിൽ അദ്ദേഹം എത്തിയിരുന്നു. അതിന് ശേഷമാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട്ടിലേക്കേ് എത്തിയത്. കഴിഞ്ഞ മാസം 12ാം തിയതിയാണ് സാലു എന്ന തോമസിന് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
അന്ന് രാഹുൽ സാലുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കടുവയുടെ ആക്രമണം മാത്രമല്ല മാനന്തവാടി മെഡിക്കൽ കോളേജിന്റെ ശോചനീയവസ്ഥയും തങ്ങളുടെ പിതാവിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി എന്നും കുടുംബം അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതിൻ പ്രകാരം വിഷയത്തിൽ ഇടപെടാമെന്നും അടുത്ത തവണ കേരളം സന്ദിർശിക്കുമ്പോൾ വീട് സന്ദർശിക്കാമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ രാഹുൽ കേരളത്തിലെത്തിയ ഉടൻ സാലുവിന്റെ സന്ദർശിക്കാനെത്തിയത്. ഇന്ന് രാത്രിതന്നെ രാഹുൽ ഡൽഹിയിലേക്ക് തിരിക്കും.