രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം: പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ
'ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ല'
വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ല.
പൊലീസിനെ മറികടന്ന് പ്രവർത്തകർ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.ഇന്നലെ വയനാട്ടിലെത്തിയ എ.ഡി.ജി.പി രണ്ട് ദിവസം കൂടി ജില്ലയിലുണ്ടാകും.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എസ്.എഫ്. ഐ യുടെ ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും. അക്രമ സമരത്തിൽ പങ്കെടുത്ത ജില്ലാ നേതാക്കളടക്കമുളളവർക്കെതിരെ സംഘടനാ നടപടിയുണ്ടായേക്കും. സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ, സംസ്ഥാന സെൻ്ററിലെ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എന്നാൽ, സമരത്തെ തുടക്കത്തിൽ തള്ളി പറഞ്ഞ സി.പി.എം ജില്ലാ നേതൃത്വം ജയിലടക്കപ്പെട്ട വിദ്യാർഥികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർക്കെതിരെയുള്ള നടപടി പരസ്യ ശാസനയിൽ ഒതുങ്ങാനാണ് സാധ്യത.