മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. രണ്ട് ജില്ലകളിൽ കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പുതുതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ നേരത്തെ ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീന ഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും വരുംദിവസങ്ങളിൽ ലഭിക്കും.
ഈ മാസം 27ഓടെ കേരളത്തിൽ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി.