'രാജ്യസഭാ സീറ്റ് നിഷേധിച്ചത് കേരള കോണ്‍ഗ്രസിനു വേണ്ടി': അതൃപ്തി പരസ്യമാക്കി എല്‍ജെഡി
'മന്ത്രി പദവിയും എംപി സ്ഥാനവും നല്‍കാതെ എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ എല്‍ജെഡിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാമായിരുന്നു'
കേരളാ കോണ്‍ഗ്രസ് എമ്മിന് അടുത്ത രാജ്യസഭാ സീറ്റ് നല്‍കാനാണ് എല്‍ജെഡിയുടെ സീറ്റ് സിപിഐക്ക് നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ മീഡിയവണിനോട് പറഞ്ഞു. മന്ത്രി പദവിയും എംപി സ്ഥാനവും നല്‍കാതെ എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ എല്‍ജെഡിക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാമായിരുന്നുവെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കുന്നുണ്ട്.
എല്‍ജെഡി നേതൃത്വം അടക്കിവെച്ചിരുന്ന മുഴുവന്‍ പ്രതിഷേധവും പുറത്തേക്ക് വരുകയാണ്. 2024ല്‍ ജോസ് കെ മാണിയുടേയും ബിനോയ് വിശ്വത്തിന്‍റേയും രാജ്യസഭ കാലാവധി അവസാനിക്കുമ്പോള്‍ സിപിഐയുടെ സീറ്റെടുത്ത് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതിന് വേണ്ടിയാണ് എല്‍ജെഡിയുടെ സീറ്റ് ഇപ്പോള്‍ സിപിഐക്ക് നല്‍കിയതെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ട ഷെയ്ഖ് പി ഹാരിസിനെ സിപിഎം എടുത്തതിലും എല്‍ജെഡിക്ക് പ്രതിഷേധമുണ്ട്. മന്ത്രിസ്ഥാനം ചോദിച്ച സമയത്ത് എം.പി ഉള്ളതുകൊണ്ട് മന്ത്രി പദവി നല്‍കാനാവില്ലെന്നായിരുന്നു സിപിഎം എല്‍ജെഡി നേതൃത്വത്തോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ രണ്ടും ഇല്ലാതായതോടെ അണികളുടെ മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ എള്‍ജെഡി നേതൃത്വം വിയര്‍ക്കും.