രാമൻ മുസ്‌ലിംകളുടെയും പ്രവാചകൻ: എ.പി അബ്ദുല്ലക്കുട്ടി
മദ്രസയിലും ദർസിലും താൻ പഠിച്ചത് പ്രകാരം രാമനെ പ്രവാചകനായി അംഗീകരിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും അബ്ദുല്ലക്കുട്ടി ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
രാമൻ മുസ്‌ലിംകളുടെയും പ്രവാചകനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. മദ്രസയിലും ദർസിലും താൻ പഠിച്ചത് പ്രകാരം രാമനെ പ്രവാചകനായി അംഗീകരിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും അബ്ദുല്ലക്കുട്ടി ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ലേഖനത്തിന്റെ പൂർണരൂപം:
മദ്രസയിലും ദർസിലും (രാത്രി പാഠശാല) കുട്ടിക്കാലം ചെലവഴിച്ച ഒരു മുസ്‌ലിം മതവിശ്വാസിയാണ് ഈ കുറിപ്പെഴുതുന്നയാൾ. ഉസ്താദന്മാരിൽ നിന്ന് പഠിച്ച അറിവുവച്ച് പറയട്ടെ, 2024 ജനുവരി 22ന് അയോധ്യയിലെ ഭവ്യമായ പ്രാണപ്രതിഷ്ഠ അനുഗ്രഹിക്കുന്നതിന് ഇന്ത്യൻ മുസ്‌ലിംകൾക്ക് വിശ്വാസപരമായി യാതൊരു തടസ്സവുമില്ല. താത്വികമായിട്ടും പ്രായോഗികമായിട്ടും ഇതാണ് സത്യം.
പരിശുദ്ധ ഖുർആനിൽ സൂറ ഹജ്ജിൽ 22 : 67 പറയുന്നത് ഇങ്ങനെയാണ്:
''ഓരോ ജനതക്കും നാം വ്യത്യസ്തമായ ആരാധനാ രീതികൾ നിശ്ചയിച്ചിരിക്കുന്നു അതിൽ നിങ്ങൾ തർക്കിക്കരുത്'' ഖുർആനിലെ മറ്റൊരു ആയത്ത് ഇങ്ങനെയാണ്. ''ഓരോ ജനതയിലും പ്രവാചകന്മാർ വരാതെ പോയിട്ടില്ല'' ഖുർആൻ 35:24
ഈ രണ്ട് അധ്യായങ്ങളിൽനിന്ന് കാര്യങ്ങൾ സുവ്യക്തമാണ്. മാത്രമല്ല മുസ്‌ലിം മതവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്ന് ഈമാൻ കാര്യമാണ്. ഇമാൻ കാര്യം ആറ് തത്വങ്ങളാണ്. Dല്ലാഹുവിലുള്ള വിശ്വാസം, കിത്താബുകളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം എന്നിവയാണിത്.
ഈമാൻ കാര്യത്തിലെ മൂന്നും നാലും നമുക്കൊന്ന് വിസ്തരിച്ച് നോക്കാം. നാളിതുവരെ പ്രപഞ്ചത്തിൽ ഇറങ്ങിയ എല്ലാ കിത്താബുകളിലും (ഗ്രന്ഥങ്ങൾ) വിശ്വസിക്കണം എന്നതാണ് കൽപന. അതിനർഥം ലോകത്തിൽ ആദ്യമായി ഇറങ്ങിയിട്ടുള്ള ഭാരതത്തിന്റെ കിത്താബുകളായ വേദങ്ങൾ ഏതൊരു മുസ്‌ലിമിനും മതവിശ്വാസം അനുസരിച്ച് തന്നെ അംഗീകരിക്കാവുന്നതാണ്.
ചതുർവേദങ്ങൾ, ഭഗവദ്ഗീത, രാമായണം, മഹാഭാരതം (ഇതിഹാസങ്ങൾ) എന്നിവ ഒരു യഥാർഥ മുസൽമാന് ഈമാന്റെ (വിശ്വാസം)ഭാഗമാണ്. അടുത്തത് പ്രവാചകന്മാരെ വിശ്വസിക്കുക എന്നതാണ്. നാളിതുവരെ ഭൂമിയിൽ ഇറങ്ങിയിട്ടുള്ള എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം.
ഒരുലക്ഷത്തി ഇരുപത്തിനാലായിരം അമ്പിയാ മുസ്‌ലിംകൾ(പ്രവാചകർ). അവരെയെല്ലാം ബഹുമാനിക്കണം. ഇതാണ് ഇസ്‌ലാമിന്റെ ആഹ്വാനം. അവരിൽ ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും യേശുക്രിസ്തുവും എല്ലാം വരും.
സത്യത്തിലുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് അനുസരിച്ചുതന്നെ ഒരു മുസ്‌ലിം മതവിശ്വാസിക്ക് രാമനെ പ്രവാചകനായി അംഗീകരിക്കാവുന്നതേയുള്ളൂ. ഇതാണ് യഥാർത്ഥ മുസ്‌ലിം ദർശനം. പിന്നെ എങ്ങനെയാണ് മുസ്‌ലിം സമുദായത്തിൽ ഇന്നുകാണുന്ന അന്യമത വിദ്വേഷം വന്നത്? കൃത്യമായി പറഞ്ഞാൽ പ്രവാചകൻ മുഹമ്മദ് നബിക്ക് ശേഷം 25 കൊല്ലം കഴിഞ്ഞപ്പോൾ അമവി ഗോത്രം ഇസ്‌ലാമിക ഭരണം പിടിച്ചെടുത്തു. അതോടെ ഖലീഫാ ഉമറിന്റെ ജനായത്ത ഭരണമൂല്യങ്ങൾ അവസാനിച്ചു.
ലോകമെങ്ങും രാഷ്ട്രീയ ഇസ്‌ലാമിന്റെ പടയോട്ടമായിരുന്നു പിന്നിട്ടുള്ള ചരിത്രം. ഗോത്രങ്ങൾ തമ്മിൽ കടുത്ത അധികാര കിടമത്സരത്തിന്റെ കാലം വീണ്ടും ആരംഭിച്ചു. അധികാര വിസ്തൃതിക്ക് വേണ്ടി അവർ അന്യദേശങ്ങൾ തേടിപ്പോയി വെട്ടിപ്പിടിച്ചു.
പേരിനു മാത്രം ഇസ്‌ലാമിനെ ഉപയോഗിച്ച ആ വിഭാഗത്തിൽപ്പെട്ടവരാണ് മുഗളന്മാർ. അവർ പേർഷ്യയിൽ നിന്ന് ഭാരതത്തിലേക്ക് വന്നു. അവരിൽ മുഹമ്മദ് ഘസ്നി, ബാബർ, ജഹാംഗീർ, ഔറംഗസീബ് തുടങ്ങി പലരും അധികാരം വെട്ടിപിടിക്കാൻ ഭാരതത്തിലെ ക്ഷേത്രങ്ങളെല്ലാം ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരേയും കൂട്ടക്കൊല ചെയ്തു. നാളിതു വരെയുമുളള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യ അന്നായിരുന്നു.
സോമാഥ ക്ഷേത്രവും അയോധ്യയും മഥുരയും കാശിയും കൊള്ളയടിച്ച് ക്ഷേത്രങ്ങളെല്ലാം തകർത്ത് തരിപ്പണമാക്കി. ലോകത്തിലെ സംസ്‌കാരത്തിന്റെ ആദിമ കേന്ദ്രങ്ങളിലെ സകല സംസ്‌കൃതിയും പാരമ്പര്യ ചിഹ്നങ്ങളും വൈദേശിക അക്രമികൾ നശിപ്പിച്ചു.
മുഗളന്മാരുടെ കാലശേഷം വന്ന ബ്രീട്ടീഷുകാർ പഴയ പൈതൃകം വീണ്ടെടുക്കാൻ ശ്രമിച്ചില്ല. ഏറ്റവും ക്രുരവും സങ്കടകരവുമായ സംഗതി സ്വാതന്ത്ര്യാനന്തര നെഹ്റുവിയൻ കാലത്ത് ഭാരത പൈതൃകത്തോടും സംസ്‌കാരത്തോടും ഏറ്റവും നിന്ദ്യമായ അനാദരവ് കാണിച്ചു. അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രപുനഃരുദ്ധാരണത്തിന് ശ്രമിച്ച വിശ്വാസികൾക്ക് അവഗണനയും അപമാനങ്ങളും മാത്രമാണ് നെഹ്റുവിയൻ ഭരണത്തിൽ നിന്ന് ഉണ്ടായത്.
ഭാരതം സ്വാതന്ത്ര്യത്തിന്റെ ആവേശകരമായ ദിനങ്ങളിൽ എത്തിയപ്പോൾ ഒരുനാൾ ബാബർ തകർത്ത ക്ഷേത്രത്തിൽ രാംലല്ലയുടെ ചെറിയ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ഈ വാർത്ത കാട്ടുതീ പോലെ പ്രചരിച്ചു. രാമഭക്തന്മാർ വലിയ ആവേശത്തിലായിരുന്ന സന്ദർഭത്തിൽ ദില്ലിയിൽ നിന്ന് പ്രധാനമന്ത്രി നെഹ്റു ഒരു ഉത്തരവ് ഇട്ടു. യു.പി മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിനെ വിളിച്ച് നെഹ്റു പറഞ്ഞത് ആ വിഗ്രഹങ്ങൾ സരയൂ നദിയിൽ വലിച്ചെറിയണം എന്നായിരുന്നു.
രാമജന്മഭൂമിക്കു വേണ്ടിയുള്ള വിശ്വാസികളുടെ പോരാട്ടം സഹനത്തിന്റെതാണ്. അവസാനം നീതിപീഠം കനിഞ്ഞു നൽകിയ ഒരു വിധിയായിരുന്നു മന്ദിർ മസ്ജിദ് തർക്കത്തിന്റെ പരിഹാരം. അതിന്റെ ഫലമായി ഇന്ത്യയിലെ 85 ശതമാനം ജനങ്ങളുടെ വിശ്വാസത്തിന് അംഗീകാരം കിട്ടി. അവിടെ ക്ഷേത്രം യാഥാർത്ഥ്യമായി.
സുപ്രധാനമായ കോടതി വിധിയിൽ മുസ്‌ലിംകൾക്ക് പകരം അയോധ്യയിൽ തന്നെ അൽപ്പം മാറി അഞ്ച് ഏക്കർ സ്ഥലവും നൽകിയുള്ള രമ്യമായ ഒത്തുതീർപ്പ് ചരിത്രപരമായ വിധിയാണ്. ഇവിടെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അമ്പലം പണിതതുപോലെ അപ്പുറത്ത് അഞ്ചേക്കർ സ്ഥലത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ മുസ്‌ലിം പള്ളിയും അധികം വൈകാതെ യാഥാർഥ്യമാകും. ഇതൊക്കെയാണ് യാഥാർഥ്യമെന്നിരിക്കെ വളരെ നിർഭാഗ്യകരമായ വാർത്തകളും അനുഭവങ്ങളുമാണ് കൊച്ചു കേരളത്തിൽ നിന്നുണ്ടാവുന്നത്.
കോടതി പരിഹരിച്ച പ്രശ്നം ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ ഇവിടെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് വോട്ടുനേടാം എന്ന ഇടുങ്ങിയ മനഃസ്ഥിതിയിലാണ് കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നേതൃത്വം ചെയ്യുന്നത്. പക്ഷേ അവർ ആധുനിക സമൂഹത്തിൽ വന്ന മാറ്റം തിരിച്ചറിഞ്ഞിട്ടില്ല. പുതിയ തലമുറ സമാധാന പ്രിയരാണ്. എങ്കിലേ വികസനവും ഐശ്വര്യവും വരൂ എന്ന് അവർ കരുതുന്നു. ശ്രീരാമൻ ധർമ്മത്തിന്റെ നീതിയുടെ നന്മയുടെ പ്രതീകമാണ്. മര്യാദാ പുരുഷോത്തന്റെ ജന്മഗേഹത്തിന്റെ പുനഃപ്രതിഷഠ ചടങ്ങിന് എല്ലാ ഭാവുകങ്ങളും പ്രാർഥനകളും നേരുന്നു.