രാമനാട്ടുകര സ്വർണക്കടത്ത് കേസ്; പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്
പ്രതിയായ മുഹമ്മദ് ഷഫീക്ക് ജാമ്യാപേക്ഷ നൽകി. മുഖ്യപ്രതി അർജുൻ ആയങ്കി നാളെ അപേക്ഷ നൽകും.
രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്. പ്രതിയായ മുഹമ്മദ് ഷഫീക്ക് ജാമ്യാപേക്ഷ നൽകി. മുഖ്യപ്രതി അർജുൻ ആയങ്കി നാളെ ജാമ്യാപേക്ഷ നൽകും.
എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് മർദിച്ചാണ് കാര്യങ്ങള്‍ എഴുതിവാങ്ങിയതെന്നുമാണ് അർജുന്‍റെ വാദം.
അതേസമയം, സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കട്ടി ഷാഫി ഹാജരായിരുന്നില്ല. മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക.
സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്റെ മൊഴി. അർജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും.