രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി
കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹരജി പരിഗണിച്ചത്. അതേസമയം, കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യഹരജിയിൽ വാദിച്ചത്. എന്നാൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്‍റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.