രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഏഴുമണിക്കൂര്‍
അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധം ഏറെ വൈകിയാണ് അറിഞ്ഞതെന്നാണ് സജേഷ് കസ്റ്റംസിന് നല്‍കിയ മൊഴി.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂറാണ് സജേഷിനെ ചോദ്യം ചെയ്തത്.
അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ബന്ധം ഏറെ വൈകിയാണ് അറിഞ്ഞതെന്നാണ് സജേഷ് നല്‍കിയ മൊഴി. സോഷ്യൽ മീഡിയ വഴിയാണ് അർജുൻ ആയങ്കിയെ പരിചയപ്പെട്ടതെന്നും പിന്നീട് ബ്രണ്ണന്‍ കോളേജിലെ ഒരു സഹപാഠി വഴിയാണ് നേരിട്ട് പരിചയപ്പെട്ടതെന്നും സജേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അർജുന് സിബിൽ സ്കോര്‍ കുറവായതിനാലാണ് വായ്പയെടുത്ത് കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതെന്നും ഇതുപ്രകാരമാണ് കാർ വാങ്ങി നൽകിയതെന്നും സജേഷ് പറഞ്ഞു. കാറിന്‍റെ ഇ.എം.ഐ തുക എല്ലാ മാസവും അർജുൻ ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകാറുണ്ടെന്നും സജേഷ് മൊഴി നല്‍കി. കള്ളക്കടത്ത് ബന്ധം അറിഞ്ഞപ്പോൾ കാറിന്‍റെ രജിസ്ട്രേഷൻ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അര്‍ജുനുമായി മറ്റ് ഇടപാടുകളില്ലെന്നും സജേഷ് പറഞ്ഞു.
സജേഷിന്‍റെ ചുവന്ന സ്വിഫ്റ്റ് കാറാണ് സ്വര്‍ണക്കടത്ത് ദിവസം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് കണ്ടെത്തിതോടെയാണ് സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയത്. ഇന്നു രാവിലെയാണ് സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയത്. 11 ഓടുകൂടിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്കായാണ് എത്തിച്ചതെന്ന് കേസിൽ അറസ്റ്റിലായ ഷഫീഖ് മൊഴി നൽകിയിരുന്നു.