'ആരിഫിന്‍റെ ആരോപണം കഴമ്പുള്ളത്'; ദേശീയപാത പുനർനിർമാണത്തിൽ വിജിലന്‍‌സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചതായും കേസിൽ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Update: 2021-08-16 15:52 GMT
Advertising

ദേശീയപാതാ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് കാട്ടി എ.എം ആരിഫ് എം.പി ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫിന്‍റെ ആരോപണം കഴമ്പുള്ളതാണെന്നും പരാതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മുന്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

എന്നാല്‍ പരാതി കഴിഞ്ഞ വർഷം തന്നെ അന്വേഷിച്ച് തള്ളിയതെന്ന് തെളിയിക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപാകതകൾക്ക് കാരണം മതിയായ ഫണ്ടില്ലാത്തതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Full View

വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചതായും കേസിൽ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ദേശീയ പാതയുടെ പുനർനിർമാണത്തില്‍ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ആരിഫിന്‍റെ ആരോപണം പാർട്ടിക്കുള്ളിലെ അഭ്യന്തര വിഷയമായല്ല കാണുന്നത്. ഇത് ജനങ്ങളുടെ പ്രശ്നമാണ്. ആരോപണത്തിൽ ആരിഫ് ഉറച്ചു നിൽക്കുമെന്ന് വിശ്വസിക്കുന്നതായും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അമ്പലപ്പുഴയിലെ പാർട്ടി അന്വേഷണത്തിൽ തന്നെ പ്രതിരോധത്തിലായ ജി സുധാകരനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതായിരുന്നു എ എം ആരിഫിന്‍റെ കത്ത്. എന്നാൽ ഈ നീക്കം പാളിയെന്ന് മാത്രമല്ല, സി.പി.എം എം പി തന്നെ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തങ്ങളിൽ ക്രമക്കേട് ആരോപിച്ചത് പ്രതിപക്ഷത്തിന് ആയുധവുമായി. പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് ആരിഫ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വരുന്ന പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. 

വിവാദത്തിൽ എ.എം ആരിഫിനെ പരസ്യമായി തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. ദേശീയപാതാ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള കത്തിനെക്കുറിച്ച് ആരിഫ് സംസാരിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്നും പരാതി നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും ആർ നാസർ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്

ചേർത്തല അരൂർ ദേശീയ പാത റീച്ചിൻ്റെ പുനർ നിർമാണത്തിൽ അപാകത ഉണ്ടെന്ന ആലപ്പുഴ എംപി ശ്രീ ആരിഫ് ൻ്റെ ആരോപണം കഴമ്പുള്ളതാണ്. ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചു. കേസിൽ ആവശ്യ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുക ആയിരിക്കും അടുത്ത മാർഗം. ദേശീയ പാതയുടെ പുനർനിർമാണം മുഖേനെ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ശ്രീ ആരിഫ് ൻ്റെ ആരോപണം പാർട്ടിക്കുള്ളിലെ അഭ്യന്തര വിഷയമായി കാണുന്നില്ല. ഇത് ജനങ്ങളുടെ പ്രശ്നമാണ്. ആരോപണത്തിൽ ശ്രീ ആരിഫ് ഉറച്ചു നിൽക്കും എന്ന് വിശ്വസിക്കുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News