അർജുൻ ആയങ്കിയുടെ സുഹൃത്തിന്‍റെ അപകടമരണം കസ്റ്റംസ് വിളിപ്പിച്ചതിന് പിന്നാലെ
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റമീസിന്റെ വീട്ടിൽ പരിശോധന നടത്തിയത്; ഇന്നലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ അഴിക്കോട് വെച്ചായിരുന്നു അപകടം. മൂന്നുനിരത്ത് സ്വദേശിയായ റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് യുവാവ് മരിച്ചത്.
അർജുൻ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടസമയം റമീസ് ഉപയോഗിച്ചിരുന്നത്. അർജുൻ കസ്റ്റംസ് കസ്റ്റഡിയിലായതിന് ശേഷം റമീസായിരുന്നു വാഹനം ഉപയോഗിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അർജുന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ റമീസിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംശയിച്ചിരുന്നു. അർജുൻ ആയങ്കിക്ക് റമീസടക്കമുള്ള സുഹൃത്തുക്കൾ സ്വർണക്കടത്തിന് സഹായങ്ങൾ നൽകിയിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റമീസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പിന്നാലെ ഇന്നലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. സർണക്കടത്ത് അന്വേഷണത്തനിടെയാണ് അപകടമെന്നത് ദൂരൂഹത ഉയർത്തുന്നുണ്ട്. എന്നാൽ അപകടത്തിൽ ദുരൂഹതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എങ്കിലും അപകടം സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം.
അപകടത്തിൽപ്പെട്ട കാർ അഴീക്കോട് സ്വദേശിയായ അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്. റമീസ് ഓടിച്ചിരുന്ന ബൈക്ക് അമിത വേഗതയിലെത്തി കാറിലേക്ക് ഇടിക്കുകയായിരുന്നു. അപകടസമയത്ത് റമീസ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ ശ്വാസകോശത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.