ദിലീപിനൊപ്പം ഫ്‌ളൈറ്റിൽ യാത്ര ചെയ്യേണ്ടി വന്നാൽ ഞാൻ ഇറങ്ങി ഓടണോ...? സംവിധായകൻ രഞ്ജിത്ത്
താൻ ദിലീപിന്റെ വീട്ടിന്റെ പോയതല്ല, ആണെങ്കിൽ തന്നെ കഴുവേറ്റണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു
കൊച്ചി: ദിലീപിന്റെ ഒപ്പം വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്. താന്‍ ദിലീപിന്‍റെ വീട്ടില്‍ പോയതല്ല, ദിലീപിനൊപ്പം ഏതെങ്കിലും റസ്റ്റോറന്‍രിലിരുന്ന് കാപ്പി കുടിക്കാന്‍ പോയതല്ല, ഇനി അങ്ങനെയാണെങ്കില്‍ തന്നെ കഴുവേറ്റേണ്ട കാര്യമില്ലെന്നുമാണ് രഞ്ജിത്തിന്‍റെ പ്രതികരണം. ദിലീപും ഞാനും ഫ്ലൈറ്റില്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ ഞാന്‍ ഇറങ്ങി ഓടണോയെന്നും രഞ്ജിത് ചോദിച്ചു.
"ദിലീപിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അക്കാദമി ചെയര്‍മാനാകുന്നതിനു മുമ്പ് തിയറ്റര്‍ ഉടമകളുമായും അവരുടെ സംഘടനയുമായും എനിക്ക് ബന്ധമുണ്ട്. അവരുടെ ജനറല്‍ ബോഡി യോഗത്തില്‍ ആദരിക്കണമെന്ന് പറഞ്ഞ് വിളിച്ചാല്‍ അത് നിഷേധിക്കേണ്ട കാര്യമില്ല," രഞ്ജിത്ത് പറഞ്ഞു. ഫിയോക്കിന്‍റെ സെക്രട്ടറിയാണ് തന്നെ വിളിച്ചതെന്നും കോവിഡ് പ്രതിസന്ധി സംബന്ധിച്ചാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ചയായതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് രഞ്ജിത്തും ദിലീപും വേദി പങ്കിട്ടത്. രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്. ഫിയോകിന്റെ ആജീവനാന്ത ചെയർമാനായ ദിലീപാണ് രഞ്ജിത്തിനെയും മധുപാലിനെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം വഹിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയ ഭാവനയെ പെൺ പോരാട്ടത്തിന്റെ പ്രതീകം എന്നായിരുന്നു രഞ്ജിത്ത് വിശേഷിപ്പിച്ചത്. ദിലീപ് ജയിലിൽ കഴിയവെ രഞ്ജിത്ത് സന്ദർശനം നടത്തിയതും വിവാദമായിരുന്നു.