ബലാത്സംഗക്കേസ്: സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് സിവിക് ഹാജരായത്
കോഴിക്കോട്: ബലാത്സംഗ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് സിവിക് ഹാജരായത്. ആദ്യം രജിസ്റ്റർ ചെയ്ത മുൻകൂർ ജാമ്യം ലഭിച്ച കേസിലാണ് സിവിക് ഹാജരായത്. ജാമ്യ ഉത്തരവ് പ്രകാരമുള്ള നടപടിക്കായാണ് സിവിക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സിവികിന്‍റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്റുദ്ദീന്‍റേതാണ് ഉത്തരവ്.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു.കോഴിക്കോട് സെഷന്‍സ് കോടതിയുടെ 'ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം' എന്ന പ്രയോഗം പിന്നാലെ ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.