കമ്മീഷൻ ലഭിച്ചില്ല; റേഷൻ വ്യാപാരികൾ ദുരിതത്തിൽ
ഓണക്കാലത്ത് ദുരിതത്തിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ
തിരുവനന്തപുരം: ഓണക്കാലമടുത്തിട്ടും സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ല. ജൂലൈയിലെ കമ്മീഷൻ ആഗസ്റ്റ് അവസാനിക്കാറായിട്ടും നൽകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് മാസത്തെ കമ്മീഷൻ മുൻകൂറായി നൽകാൻ 58 കോടി അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞ സ്ഥാനത്താണ് ഇപ്പോഴത്തെ കുടിശ്ശിക.
കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും അതൊന്നും കൃത്യമായി സർക്കാർ പാലിച്ചിട്ടില്ല. വേതന പാക്കേജും കിറ്റ് കമ്മീഷനും എല്ലാം കടലാസിലൊതുങ്ങി.
അതിനിടയിലാണ് ജൂലൈയിലെ റേഷൻ കമ്മീഷനും മുടങ്ങിയത്. കമ്മീഷൻ നൽകാൻ 58 കോടി രൂപ അനുവദിച്ചെന്ന് ധനവകുപ്പ് രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു. പക്ഷേ പണം വ്യാപാരികളുടെ കൈയിലേക്ക് എത്തിയില്ല. ഒരു മാസത്തെ കമ്മീഷൻ നൽകാൻ 35 കോടിയോളം രൂപ വേണം. ആഗസ്റ്റ് അവസാനിക്കാറായിട്ടും കഴിഞ്ഞ മാസത്തെ തുക കുടിശ്ശികയായതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി.
ഉത്സവ സീസൺ അടുത്തിരിക്കെ ദുരിതത്തിലേക്ക് തള്ളിവിടരുതെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. ഭക്ഷ്യവകുപ്പ് ധനവകുപ്പുമായി സംസാരിച്ച് പണം എത്രയും വേഗം ലഭ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.