ദ കേരള സ്‌റ്റോറി: സാംസ്‌കാരിക ഫാഷിസ്റ്റ് പദ്ധതിയെ ഒറ്റക്കെട്ടായി ചെറുക്കണം - റസാഖ് പാലേരി
വംശീയ ഉള്ളടക്കമുള്ള ഇത്തരം പ്രോപഗൻഡ മൂവികൾക്ക് പിറകിലെ സാമ്പത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
കോഴിക്കോട്: കേരളത്തെ കുറിച്ച് നിരവധി കള്ളങ്ങൾ നിറച്ചുവെച്ചതും മുസ്ലിം സമൂഹത്തെ പൈശാചികവത്കരിക്കുകയും ചെയ്യുന്ന സംഘപരിവാർ പ്രോപഗൻഡ മൂവി ആയ ദ കേരള സ്‌റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളത്തിൽനിന്ന് 32000 യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ.എസ് കാമ്പിലെത്തിച്ചു എന്ന പച്ചക്കള്ളമാണ് സിനിമയുടെ കഥാ കേന്ദ്രമായി വരുന്നത്. സംഘ്പരിവാർ കേന്ദ്രങ്ങളും നിക്ഷിപ്ത താത്പര്യത്തോട് കൂടി മറ്റു ചിലരും കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുവെന്ന പ്രചണ്ഡമായ പ്രചാരണങ്ങൾ നടത്തിയിട്ടും ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസിയോ കേരളത്തിലെ അന്വേഷണ ഏജൻസിയോ അങ്ങനെ ഒന്നുള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ ഡി.ജി.പിമാരും മുൻ മുഖ്യമന്ത്രിമാരും ഈ ആരോപണം പലവുരു തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്‌കാരിക ഫാഷിസ്റ്റ് പദ്ധതിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന ഭരണകൂടം ഈ പ്രതിരോധത്തിന് നേതൃത്വം നൽകണം. വിഷലിപ്തമായ വംശീയ പദ്ധതികൾക്ക് ഇവിടെ ഇടം കൊടുക്കരുത്. സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കുമെതിരെ കേസ് ഫയൽ ചെയ്ത് സത്വര നിയമ നടപടികൾ കൈക്കൊള്ളണം. പരാതി ലഭിച്ചിട്ടും തുടർ നടപടികൾ വൈകുന്നത് ശരിയല്ല. വംശീയ ഉള്ളടക്കമുള്ള ഇത്തരം പ്രോപഗൻഡ മൂവികൾക്ക് പിറകിലെ സാമ്പത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണം. സിനിമക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുത്. സാമുദായിക ധ്രുവീകരണവും വെറുപ്പുത്പാദനവും വംശീയമായ അപരവത്കരണവും മാത്രം ലക്ഷ്യമാക്കി പടച്ചു വിടുന്ന നിർമിതികൾക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.